പരപ്പനങ്ങാടി: നോട്ട് മാറാന്‍ നാട് മുഴുവന്‍ വരിനില്‍ക്കുമ്പോഴും ഇവിടെ ഓട്ടോ തൊഴിലാളികള്‍ ഓട്ടത്തിനായി കാത്തു കിടക്കുകയാണ്. യാത്രക്കാര്‍ക്ക് വഴികാട്ടി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ഈ മുച്ചക്ര വാഹന തൊഴിലാളികള്‍ ഇന്ന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടിലാണ്. സമാന്തര സര്‍വീസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായവാത്തതാണ് തൊഴില്‍ സ്തംഭനത്തിന്റെ പ്രധാനകാരണം.
ജില്ലയിലെ വിവിധ ഭാഗങ്ങളിലായി തെരുവോരങ്ങളില്‍ നിശബ്ദ ജീവിതം നയിക്കുന്ന പതിനായിരകണക്കിന് ഓട്ടോ തൊഴിലാളികള്‍ ഇന്ന് പട്ടിണിയുടെ വക്കിലാണ്. ജീവിത പ്രതിസന്ധികളില്‍ പലപ്പോഴും സാധാരണക്കാര്‍ക്ക് കൈത്താങ്ങായ ഒരു തൊഴില്‍ മേഖല സ്തംഭനാവസ്ഥയിലാണ്. പരപ്പനങ്ങാടി പോലീസ് സ്റ്റേഷന് പരിധിയില്‍ മാത്രം 1200 ഓളം ഓട്ടോകള്‍ ഓടുന്നുണ്ട്. സ്വയംതൊഴില്‍ കണ്ടെത്തിയ ഈ ഓട്ടോ തൊഴിലാളികളോട് ഇന്നും ഭരണകൂടത്തിനും അധികൃതര്‍ക്കും തൊട്ടുതീണ്ടായ്മയാണ്. പ്രവാസികളും മറ്റു തൊഴില്‍ മേഖലയില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ടവരുമായ അനേകം സാധാരണക്കാരാണ് ഇന്ന് ജില്ലയിലെ ഗ്രാമാന്തരങ്ങളില്‍ ഓട്ടോ ഓടിച്ച് ഉപജീവനം കഴിക്കുന്നത്. ലീവില്‍ വരുന്ന പ്രവാസികളുടെയും തൊഴിലന്വേഷകരായ യുവാക്കളുടെയും ഇടത്താവളമായ ഈ തൊഴില്‍ മേഖല ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്.ഇരുചക്രവാഹനങ്ങളുടെ അനിയന്ത്രിതമായ രംഗപ്രവേശവും നിയമവിരുദ്ധ പാരലല്‍ സര്‍വീസുകളും ഓട്ടോ തൊഴിലാളികളുടെ അന്നംമുട്ടിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിബന്ധനകളും നിയമങ്ങളും തൊഴിലാളികള്‍ക്ക് കൂനിന്മേല് കുരു ആകുന്നുമുണ്ട്, ടാക്സ്, ഇന്‍ഷുറന്‍സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, മീറ്റര്‍, മീറ്റര്‍ സീലിംഗ് (മുദ്ര), ക്ഷേമനിധി, മെയിന്റനന്‍സ് ഇനത്തില്‍ ഓരോ വര്‍ഷവും ഒരു ഓട്ടോ തൊഴിലാളിക്ക് ഇരുപത്തയ്യായിരത്തില്‍ അധികം ചിലവ് വരുന്നുണ്ട്. ഇന്‍ഷുറന്‍സ്, ക്ഷേമനിധി ഇനത്തിലെ വര്‍ദ്ധനവിന് പുറമേ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ,ലീഗല്‍ മെട്രോളജി തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ വക വാഹന പരിശോധനയിനത്തിലും ഓട്ടോ തൊഴിലാളികള്‍ക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുന്നത്. അതിനിടക്കുണ്ടാകുന്ന മെയിന്റനന്‍സ് ചിലവുകളും ഓട്ടോ തൊഴിലാളികളുടെ പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. ഓട്ടോ തൊഴില്‍ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് നിയമ വിധേയമല്ലാത്ത ട്രക്കര്‍-ജീപ്പ് പാരലല്‍ സര്‍വീസുകളാണ്. സമാന്തര സര്‍വീസുകള്‍ ഹൈക്കോടതി നിരോധിച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട വകുപ്പുകളുടെ നിഷ്ക്രിയത്വം കാരണം ഇത് തുടരുകയാണ്- അനേകം കുടുംബങ്ങള്‍ക്ക് അന്നമേകുന്ന ഓട്ടോ തൊഴില്‍ മേഖല ഇന്ന് സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഓടിയാല്‍ പോലും നാനൂറ് രൂപ പോലും തികയുന്നില്ലെന്നാണ് ഓട്ടോ തൊഴിലാളികള്‍ പറയുന്നത്.ഇതില്‍ ഇന്ധനത്തിനും വായ്പ തിരിച്ചടവിനും ഉള്ള വിഹിതം മാറ്റിവെച്ചാല്‍ പിന്നെ തൊഴിലാളികള്‍ക്ക് മിച്ചം പട്ടിണി തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: