മലപ്പുറം: നിലമ്പൂര്‍ വനങ്ങളില്‍ മാവോയിസ്റ്റുകള്‍ കഴിഞ്ഞിരുന്നത് അത്യാധുനിക സൗകര്യങ്ങളോടെ.
കഴിഞ്ഞദിവസം തണ്ടര്‍ബോള്‍ട്ട് വധിച്ച മാവോയിസ്റ്റുകളുടെ താവളത്തില്‍ പരിശോധന നടത്തിയപ്പോള്‍ ലഭിച്ചത് അഞ്ചു ലക്ഷത്തോളം രൂപയും, ഐ പാഡും, വൈഫൈ സംവിധാനവുമടക്കമുളള ആധുനിക ഉപകരണങ്ങളും. ബോംബ് നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കള്‍, ഒരു പിസ്റ്റള്‍, നൂറ്റന്പതോളം സിം കാര്‍ഡുകള്‍, ഒരാഴ്ച്ചത്തേക്കാവശ്യമായ ഭക്ഷണം, ഭക്ഷണം പാകം ചെയ്യാനുളള സംവിധാനങ്ങള്‍ ഇവയൊക്കെയാണ്. ആനശല്യം രൂക്ഷമായ വനമേഖലയാണ് കരുളായി വനമേഖല. പന്തിനഞ്ചു പേര്‍ക്കു വീതം താമസിക്കാവുന്ന രണ്ടു ടെന്റുകള്‍ക്കു ചുറ്റും വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി സൗരോര്‍ജ്ജ വേലികളും നിര്‍മ്മിച്ചിരുന്നു. പൂളക്കപ്പാറ ഔട്ട് പോസ്റ്റില്‍ നിന്നും ഏഴു കിലോമീറ്റര്‍ മാത്രം അകലെയുളള ഈ സ്ഥലത്ത് മൊബൈല്‍ റേഞ്ച് ലഭ്യമായിരുന്നു. മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരമായുണ്ടാകാറുളള പൂളക്കപ്പാറ വഴി കാരപ്പുറം, പുഞ്ചക്കൊല്ലി വഴി വഴിക്കടവ് തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലേക്ക് എത്തുന്നതിനും ഇവിടെ നിന്നും എളുപ്പമാണ്. മുണ്ടക്കടവ് കോളനി, താളിപ്പുഴ, മണ്ണള, ഉച്ചക്കുളം, മാഞ്ചീരി, അളക്കല്‍, പൂളക്കപ്പാറ, പുഞ്ചക്കൊല്ലി തുടങ്ങിയ കോളനികളിലേക്കും നെല്ലിക്കുത്തിലേക്കും വനത്തിനുളളിലൂടെത്തന്നെ ഇവര്‍ക്കു പ്രവേശിക്കുവാനാകും. വനത്തിനുളളിലൂടെ സഞ്ചരിച്ചാല്‍ ഇവിടെ നിന്നും പാലക്കാട്, വയനാട് ജില്ലകളിലേക്കും, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലേക്കും പ്രവേശിക്കാന്‍ സാധിക്കും. ഈ സൗകര്യങ്ങളാകാം ഇവിടം തന്നെ താമസത്തിനായി ഇവര്‍ തിരഞ്ഞെടുത്തതെന്നു കരുതപ്പെടുന്നു.
മാസങ്ങളായി ഇവര്‍ ഇവിടെ സ്ഥിരതാമസമാണെന്നാണ് പൊലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: