ചേര്‍ത്തല: ഗൗരിയുടെ വിജയം രണ്ട് തലമുറകളുടെ വിജയം. തിരുനെല്ലൂര്‍ എച്ച്എസ്എസിലെ എസ്. ഗൗരികൃഷ്ണ (ജൂനിയര്‍ ഗേള്‍സ്) 800 മീറ്ററില്‍ ഒന്നാമത് എത്തിയപ്പോള്‍ കായിക താരമായ അച്ഛന്‍ ഷൈജുവിനെയും മകള്‍ ഗൗരി യുടെയും കായിക അദ്ധ്യാപകനാകാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അദ്ധ്യാപകനായ പ്രദീപ്.
ഗൗരി കൃഷ്ണ 400 മീറ്റര്‍ ഓട്ടത്തിലും ഫൈനല്‍ റൗണ്ടില്‍ എത്തിയിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഗൗരി ഒന്നാമത് എത്തുന്നത്. കഴിഞ്ഞ വര്‍ഷം 600 മീറ്ററിലും 400 മീറ്റര്‍ ലോങ് ജമ്പിലും ഗൗരി ഒന്നാമത് എത്തി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 600 മീറ്ററില്‍ മിനി നാഷണല്‍ മീറ്റിലും പങ്കെടുത്തിട്ടുണ്ട്.
അദ്ധ്യാപകന്‍ പ്രദീപിനൊപ്പം അച്ഛന്‍ ഷൈജുവും ഗൗരിയുടെ പരിശിലനത്തിന് നേതൃത്വം നല്‍കുന്നു. ഷൈജുവിന്റെ പരിശിലകനായിരുന്നു പ്രദീപ്. 1990 ല്‍ സംസ്ഥാന ഫുട്‌ബോള്‍ കിരിടം തിരുനെല്ലൂര്‍ സ്‌കൂള്‍ നേടിയപ്പോള്‍ ടീമീലെ പ്രധാന കളിക്കാരന്‍ ഷൈജു ആയിരുന്നു. പരിശീലകന്‍ പ്രദീപും.
അന്ന് ടീം വിജയിച്ചപ്പോള്‍ കിട്ടിയ 10,000 രൂപ മുടക്കി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ഗ്രാവല്‍ ഇട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിശിലന ഗ്രൗണ്ട് നിര്‍മ്മിച്ചു.
ജിവിത ബുദ്ധിമുട്ടുകള്‍ കാരണം ഷൈജുവിന് ഫുട്‌ബോള്‍ കളി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇതിന് പ്രായശ്ചിത്തം എന്ന നിലയ്‌ക്ക് മകളെ ചെറുപ്പത്തില്‍ത്തന്നെ കായിക മത്സരങ്ങളില്‍ പങ്കെടുപ്പിച്ച് വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഷൈജു.















