ഏവരും കാംക്ഷിക്കുന്ന ഒന്നാണ് സ്വാസ്ഥ്യം. ജോലിചെയ്ത് ക്ഷീണിക്കുമ്പോള്‍ വിശ്രമിക്കുന്നതും അതിനുവേണ്ടിയാണ്. മനുഷ്യചിന്തകള്‍ അധികമുപയോഗിച്ചതും ഈ സുഖാവസ്ഥക്കുതന്നെ. എന്നാല്‍ അതിന് വിപരീതമായ അസ്വാസ്ഥ്യവും അനുഭവിക്കാെത തരമില്ല.
സ്വാസ്ഥ്യം തേടിയുള്ള മനുഷ്യപ്രയാണത്തിന് പഴക്കമേറെയുണ്ട്. ചിന്താശേഷിയുള്ള ഇത്രയും കാലം ദുഃഖങ്ങളും അനുഭവിക്കേണ്ടിവരും. ക്രിയാത്മക ചിന്തകളെ ക്ഷണിച്ചുവരുത്തുകയാണതിനുള്ള പ്രതിവിധി.
കാര്യങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ കാണുവാന്‍ കഴിയുന്നവര്‍ക്ക് മനഃസമാധാനമുണ്ടാകും. ‘പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങുകയില്ല’ എന്ന മനോഭാവക്കാര്‍ക്ക് നേട്ടങ്ങള്‍ ഉറപ്പ്. അതെ, ഓര്‍ത്തു ദുഃഖിക്കുന്നതിനേക്കാള്‍ നന്ന് മറന്നു സന്തോഷിക്കുകയാണ്. അസ്വസ്ഥചിത്തരായവര്‍ ജീവിതത്തിന്റെ മനോഹാരിതകള്‍ കാണാതെ പോവുകയാണ്. ‘കണ്ണുണ്ടായിട്ടും കാണാത്തവര്‍’ എന്നു പറയുന്നതും ഇവരെക്കുറിച്ചാണ്.
നേട്ടങ്ങള്‍ക്കായി നെട്ടോട്ടമോടുന്ന മനുഷ്യന്‍ സ്വന്തം മനസ്സിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ പരാജയപ്പെടുകയാണ് പലപ്പോഴും. സ്വന്തം മനസ്സിന്റെ വിജയമാണ് മഹാവിജയം എന്ന വലിയ പാഠം മറക്കുന്നവര്‍. ബാഹ്യമോടികള്‍ക്കായി സമയം ചെലവിടുന്നവര്‍ മനസ്സിന്റെ ബ്യൂട്ടിപാര്‍ലറില്‍ പോകുവാന്‍ മടികാണിക്കുന്നു. മനോജന്യ ശാരീരികരോഗങ്ങള്‍ സഹയാത്രികരാണിവര്‍ക്ക്.
മനുഷ്യബന്ധങ്ങളാണ് ഏറ്റവും നല്ല ഔഷധം. മനസ്സിലെ സ്‌നേഹതീര്‍ത്ഥം വറ്റാതെ സൂക്ഷിച്ചാല്‍ അസുഖത്തെപ്പോലും അകറ്റാനാകും. സ്വാസ്ഥ്യത്തെ തൊട്ടറിയാനും സഹായിക്കുമത്. ദുഃഖങ്ങള്‍ക്ക് അവധി കൊടുക്കുന്ന നിമിഷങ്ങള്‍.
സൗഭാഗ്യങ്ങള്‍ ഏറെ അരികത്തുണ്ടായിട്ടും അതൊന്നും അനുഭവിക്കാന്‍ കഴിയാത്തവരുണ്ട്. മനസ്സിന്റെ സൗന്ദര്യത്തെ തമസ്‌കരിച്ചുകൊണ്ടുള്ള ജീവിതം വിരസമാണ്. സ്വയം കുത്തിനോവിക്കുന്ന നിഷേധാത്മക ചിന്തകളാണ് സ്വാസ്ഥ്യത്തിന്റെ നിത്യശത്രുക്കള്‍. ചിന്തകളെ നല്ലതിനായി പ്രയോജനപ്പെടുത്തുവാനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്.
ജീവിതയാത്രയില്‍ സമ്മര്‍ദ്ദങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അത് ശാരീരിക രോഗങ്ങള്‍ക്കു കാരണമാകുമെന്ന ആധുനിക ചികിത്‌സാശാസ്ത്രം അടിവരയിടുന്നു. വീണക്കമ്പികള്‍ പാകത്തിനു മുറുക്കിയിരിക്കണം. അസ്വാസ്ഥ്യങ്ങള്‍ അതിരുകടന്നാല്‍ മനസ്സിന്റെ പ്രസന്നതക്ക് മങ്ങലേല്‍ക്കും. മനഃശാസ്ത്രജ്ഞരെ സമീപിക്കേണ്ടത് ഇത്തരം അവസരങ്ങളിലാണ്.
സുഖമായി ജീവിക്കുക എന്നതാണ് ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത്. മനഃസുഖമില്ലെങ്കില്‍ മറ്റെന്തുണ്ടായിട്ടും കാര്യമില്ല. മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുന്നവനാണ് ധീരന്‍ എന്ന ആപ്തവാക്യം പ്രസക്തമാണ്. അതത്ര ക്ഷിപ്രസാധ്യമായ കാര്യമല്ലെന്നതാണ് വസ്തുത. എങ്കിലും നിരന്തര പരിശ്രമം വിജയത്തിലെത്തിക്കുമെന്ന് തീര്‍ച്ച.
സൗഭാഗ്യങ്ങളുടെ മേല്‍ ഇരുന്ന് ഭിക്ഷ യാചിക്കുന്നവരുടെ കാര്യം പരിതാപകരമാണ്. മനസ്സ് ആരോഗ്യകരമായിരിക്കുമ്പോഴാണ് ജീവിതം സുഖകരമാകുന്നത്. സ്വാസ്ഥ്യമുള്ളവന് എല്ലാമുണ്ട് എന്ന പറച്ചില്‍ വെറുതെയല്ല. മനസ്സ് മധുരസംഗീതം പൊഴിക്കുന്നതും അപ്പോഴാണ്.
















