കോഴിക്കോട്: നഗരത്തിലെ പൊതു ടോയ്‌ലറ്റുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ബിഡിജെഎസ് നോര്‍ത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിദൂര സ്ഥലങ്ങളില്‍ നിന്നു നഗരത്തിലെത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനായി ആശ്രയിക്കുന്ന പൊതുടോയ്‌ലറ്റുകള്‍ ശോചനീയാവസ്ഥയിലാണെന്നും ചിലത് അടഞ്ഞുകിടക്കുകയാണെന്നും കമ്മിറ്റി ആരോപിച്ചു. ഈ സാഹചര്യത്തില്‍ ടോയ്‌ലറ്റുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.
ബിഡിജെഎസ് വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഡിസംബര്‍ ഒന്നിന് പതാക ദിനമായി ആചരിക്കാനും രണ്ടിന് ബൈക്ക് റാലി നടത്താനും തീരുമാനിച്ചതായി മണ്ഡലം പ്രസിഡന്റ് സതീഷ് പാറന്നൂര്‍ അറിയിച്ചു. യോഗം ജില്ലാ പ്രസിഡന്റ് സുനില്‍ പുത്തൂര്‍മഠം ഉദ്ഘാടനം ചെയ്തു. സതീഷ് പാറന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിമാരായ ഷിനോജ് പുളിയോളി, എം. ബൈജുനാഥ് എന്നിവര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഇ. ബാബു, എ. രാജേഷ്, സത്യന്‍, വി. ബാബുരാജ് എന്നിവര്‍ സംസാരിച്ചു. സുരേഷ് മായനാട് സ്വാഗതവും ആഷിക് വിശ്വനാഥ് നന്ദിയും പറഞ്ഞു.
















