കണ്ണൂര്‍: രാജ്യത്തെ വിവിധ കലാകാരന്‍മാര്‍ തീര്‍ത്ത കലാവിരുതിന്റെ വിസ്മയ കേന്ദ്രമായ ലോഹാര്‍- 16 ന് ഇന്ന് തിരശ്ശില വീഴും. ദേശഭാഷാന്തരങ്ങള്‍ക്കപ്പുറത്തുളള വരകളും വര്‍ണങ്ങളും ദാരുശില്‍പ്പങ്ങളും ഒരു കുടക്കീഴിലൊരുക്കി നടന്ന ലോഹാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജനശ്രദ്ധ നേടിയിരുന്നു. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു ശില്പശാല നടന്നത്. കേരളമുള്‍പ്പെടെ 17 സംസ്ഥാനങ്ങളിലെ വംശീയ ചിത്രശില്‍പ്പകലയില്‍ മികവു തെളിയിച്ച കലാകാരന്‍മാരാണ് 10 ദിവസം നീണ്ടുനില്‍ക്കുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. ശില്പശാലയില്‍ വംശീയകലകള്‍ ആസ്വദിക്കാനെത്തുന്നവരുടെയും കലകളെക്കുറിച്ച് പഠിക്കാനെത്തുന്നവരുടെയും എണ്ണം ഒട്ടുംകുറവല്ല. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്റ്റാളുകളിലാണ് രാജ്യത്തെ വിവിധ കലാകാരന്‍മാര്‍ അവരുടെ സൃഷ്ടികള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നത്. സംസ്‌കാരികവകുപ്പിന്റെ സഹകരണത്തോടെ കേരള ഫോക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് കണ്ണൂരില്‍ ശില്പശാല നടന്നത്. കലംകാരി പെയിന്റിങ്ങ്, ലെതര്‍ ക്രാഫ്റ്റ്, മധുബനി പെയിന്റിങ്ങ്, ലോഹ്ശില്പ്, തുംബക്രാഫ്റ്റ്, വുഡ് ക്രാഫ്റ്റ്, ഭിത്തി ചിത്ര, പാവനിര്‍മാണം, പഹാരി ലോക ചിത്‌ര് ദാപ്പു കല, ലതര്‍ മാസ്‌ക്, പിയാര്‍കര്‍ ചിത്‌ര്, രംഗോലി, വാര്‍ലി പെയിന്റിങ്ങ്, വുഡ് പെയ്ന്റിങ്ങ്, പിചുവായ്, രജപുത്ത് ലോക ചിത്രകല, ടെറാക്കോട്ട, എംബോസ്ഡ് വര്‍ക്ക്, രാജസ്ഥാനി പാവനിര്‍മാണം, ദിക്രാകാര്‍വിംഗ്, ബംഗാളി പാടചിത്‌ര്, ലഡാക്ക് ക്രാഫ്റ്റ്, ബാത്തിക് ചെറിയാല്‍, ഗോണ്ട്, ബാംബു ആന്റ് കെയിന്‍ ക്രാഫ്റ്റ് തുടങ്ങിയവയാണ് ശില്പശാലയിലെ പ്രധാന ഇനങ്ങള്‍. വിരലുകള്‍കിടയിലൂടെ വര്‍ണപൊടികള്‍ വീഴുമ്പോള്‍ ഉയരുന്ന ചാരുതയാര്‍ന്ന സൃഷ്ടികളും പീച്ചങ്ങിയില്‍ നിന്നും രൂപാന്തരപ്പെടുന്ന ആകര്‍ഷകമായ ലാംപ് ഷെഡ് ,പനയോലകള്‍ പാരമ്പര്യമായി സംസ്‌കരിച്ച് കൃത്രിമ നിറങ്ങളൊന്നും ഉപയോഗിക്കാതെയുള്ള ചിത്രരചന, പാവനിര്‍മ്മാണം തുടങ്ങി നിരവധി കലാസൃഷ്ടികള്‍ നമ്മളോരുരത്തരെയും അതിശയിപ്പിക്കുന്ന വിധത്തിലുള്ളതാണ്. എങ്ങിനെ ഒരു കലാ സൃഷ്ടി യാഥാര്‍ത്ഥ്യമാവുന്നു, കലയും സംസ്‌ക്കാരവും എങ്ങിനെ ഇഴുകിചേരുന്നു എന്നിവ അടുത്തറിയാനുള്ള വേദിയായാണ് ശില്‍പ്പശാലയെ സംഘാടകര്‍ സജ്ജീകരിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശ്, ബീഹാര്‍, ചത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, ജാര്‍ഘണ്ഡ് , മഹാരാഷ്‌ട്ര,ഒറീസ, രാജസ്ഥാന്‍, ത്രിപുര, പശ്ചിമബംഗാള്‍, ആസ്സാം, ജമ്മുകാശ്മീര്‍, തെലുങ്കാന, കര്‍ണാടക, കേരള, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 83 ഓളം ശില്‍പ്പചിത്രകലാകാരന്‍മാരും 90ലധികം നൃത്തകലാകാരന്‍മാരും ശില്‍പ്പശാലയില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കേരള പവലിയനില്‍ ശില്‍പ്പഗ്രാമമായ കുഞ്ഞിമംഗലത്തെ കലാകാരന്‍മാരാണ് മുഖ്യ ആകര്‍ഷണം. ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ കലാകാരന്‍മാര്‍ ശില്‍പ്പശാലയിലെത്തിയിരിക്കുന്നത്. വൈവിധ്യങ്ങളുടെ പറുദീസയെന്ന് ലോകം വാഴ്‌ത്തിയ ഭാരതത്തിലെ ശില്‍പ്പചിത്രകലാപാമ്പര്യവും വരയിലും വര്‍ണങ്ങളും തെരഞ്ഞെടുപ്പിലെ വൈജാത്യവും ശിള്‍പ്പശാലയിലെത്തുന്ന ഏതൊരു കലാ സ്‌നേഹിയേയും അതിശയിപ്പിക്കുകതന്നെചെയ്യും. കരകൗശലനിര്‍മ്മാണത്തില്‍ യന്ത്രസഹായം ഉപയോഗപ്പെടുത്തുന്നെണ്ടെങ്കിലും സൂക്ഷ്മതയും ചാരുതയും പാരമ്പര്യ ശൈലികളും കൊണ്ട് കലാകാരന്റെ കൈയൊപ്പ് പതിയുകയാണ്. ശില്‍പ്പശാലയോടനുബന്ധിച്ച് വിവിധ രംഗത്ത് ശ്രദ്ധേയരായ പ്രഗത്ഭരെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാറുകളും സാംസ്‌ക്കാരിക സമ്മേളനങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.
















