
ഇരിട്ടി: കാക്കയങ്ങാട് ബിജെപി അനുഭാവിയുടെ വീടിനു നേരെ ബോംബാക്രമണം. പാലപ്പുഴ കൂടലാട് സ്വദേശിയും അമൃതാനന്ദമയിമഠം പ്രവര്‍ത്തകനും പുനരുദ്ധാരണം നടക്കുന്ന ഒരു ക്ഷേത്രത്തിന്റെ സെക്രട്ടറിയുമായ എളമ്പയില്‍ ബാബുവിന്റെ വീടിനു നേരെയാണ് ബോംബേറ് നടന്നത്. ചൊവ്വാഴ്ച രാത്രി 11.45 ഓടെയായിരുന്നു ആക്രമണം. ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബ് കാര്‍പോര്‍ച്ചിന്റെ ചുമരില്‍ കൊണ്ട് പൊട്ടിത്തെറിച്ചു വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണു. മുന്‍വശത്തെ വരാന്തയിലെയും കാര്‍പോര്‍ച്ചിനോട് ചേര്‍ന്ന മുറിയുടെയും ജനല്‍ ഗ്ലാസ്സുകള്‍ പൊട്ടിത്തകര്‍ന്നു. ഈ സമയത്ത് വീട്ടില്‍ ബാബുവും ഭാര്യ ഷൈമയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അസുഖം മൂലം കിടപ്പിലായ മരുമകനെ കാണാന്‍ പോയ ബാബുവും ഭാര്യയും 10.30 തോടെയാണ് വീട്ടില്‍ എത്തിയത്. സ്‌ഫോടനശബ്ദം കേട്ട് പുറത്തിറങ്ങാന്‍ ശ്രമിച്ച ഇവര്‍ക്ക് ഗ്ലാസ് ചില്ലുകള്‍ അകത്ത് ചിതറിക്കിടന്നതിനാല്‍ പെട്ടെന്ന് പുറത്തിറങ്ങാനായില്ല. ശബ്ദം കേട്ട് പുറത്തിറങ്ങിയ അടുത്ത വീട്ടുകാരാണ് ബൈക്കില്‍ രണ്ടുപേര്‍ അയ്യപ്പന്‍കാവ് ഭാഗത്തേക്ക് ഓടിച്ചു പോകുന്നത് കണ്ടത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുഴക്കുന്ന് എസ് ഐ പി.എ.ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ കണ്ണൂരില്‍ നിന്നും എത്തിയ ബോംബ്, ഡോഗ് സ്‌ക്വാഡുകളും തെളിവെടുപ്പ് നടത്തി.
അതേസമയം രാവിലെ 10 മണിയോടെ സ്ഥലത്തെത്തിയ സിപിഎം ജില്ലാ സെിക്രട്ടറി പി. ജയരാജന്‍, ബാബു സിപിഎം പ്രവര്‍ത്തകനാണെന്നും ബോംബേറിനു പിന്നില്‍ ആര്‍എസ് എസ് ആണെന്നുമുള്ള പെരുംകള്ളമാണ് പറഞ്ഞത്. ബിജെപി അനുഭാവിയായ ബാബുവിനെ സിപിഎമ്മുകാരനാക്കിയതിലും പോലീസ് അന്വേഷണം നടത്തുന്നതിനു മുമ്പ് സംഭവം ആര്‍എസ് എസ്സിന്റെ തലയില്‍ കെട്ടിവെക്കാനുമുള്ള ജയരാജന്റെ നീക്കത്തെ സ്ഥലത്തെത്തിയ ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സമ്പര്‍ക്ക പ്രമുഖ് കെ.സജീവന്‍ അപലപിച്ചു. നാട്ടില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട് സംഘ പരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുക എന്ന ജയരാജന്റെയും സിപിഎമ്മിന്റേയും നയത്തിന്റെ ഭാഗമാണ് ഈ ബോംബേറ് സംഭവമെന്നും സജീവന്‍ പറഞ്ഞു.
















