വൈക്കം: ബീവറേജസ് കോര്‍പ്പറേഷന്റെ വൈക്കം ഔട്ട്‌ലെറ്റില്‍ നിന്ന് അസാധുവായ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടില്‍ അടച്ചതായി പരിശോധനയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. നോട്ട് നിരോധനം വന്നതിന് ശേഷം 9 മുതല്‍ 12 വരെ തീയതികളിലാണ് പത്ത് ലക്ഷത്തിമുപ്പത്തിമൂവായിരത്തിയഞ്ഞൂറ് രൂപയുടെ 500, 1000 രൂപ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. ഔട്ട്‌ലെറ്റിന്റെ ഷാപ്പ് ഇന്‍ചാര്‍ജ്ജിനെതിരെയാണ് ഓഡിറ്റ് വിഭാഗം ബീവറേജസ് കോര്‍പ്പറേഷന്റെ എംഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അസാധുവായ നോട്ടുകള്‍ സ്വീകരിക്കരുതെന്ന് ഔട്ട് ലെറ്റുകള്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. ബീവറേജസ് കോര്‍പ്പറേഷന്റെ കേന്ദ്രീകൃത ബാങ്ക് അക്കൗണ്ടില്‍ വൈക്കം ഔട്ട് ലെറ്റില്‍ നിന്ന് അസാധു നോട്ടുകള്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ബാങ്ക് അധികൃതര്‍ ബീവറേജസ്‌കോര്‍പ്പറേഷന്റെ എം.ഡിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തിയത്.
















