കുട്ടനാട്: കാവാലം പുളിങ്കുന്ന് പുത്തന്‍തോട്ടില്‍ പോള തിങ്ങിനിറഞ്ഞതോടെ പ്രദേശവാസികളുടെ ജീവിതം ദുസ്സഹമായി. കാര്‍ഷിക ആവശ്യങ്ങള്‍ക്കു പോലും വള്ളങ്ങള്‍ക്കു തോട്ടിലൂടെ സഞ്ചരിക്കാന്‍ സാധിക്കുന്നില്ല. കാവാലം, പുളിങ്കുന്ന് പഞ്ചായത്തുകളെ തമ്മില്‍ വേര്‍തിരിക്കുന്ന പുത്തന്‍തോട് മാസങ്ങളായി പോള തിങ്ങി നിറഞ്ഞു കിടക്കുകയാണ്.തോടിന് ഇരുഭാഗങ്ങളിലുമുള്ള വിവിധ പാടശേഖരങ്ങളിലേക്കും കൃഷിക്കായി കര്‍ഷകര്‍ക്കു പോകാന്‍ സാധിക്കാതെ വന്നിരിക്കുകയാണ്. പോള തിങ്ങിയതോടെ തോട്ടിലെ ഒഴുക്കും പൂര്‍ണമായി നിലച്ചിരിക്കുകയാണ്. തോട്ടിലെ വെള്ളം ഉപയോഗ ശൂന്യമായതോടെ കുടിക്കാനും മറ്റു പ്രാഥമികാവശ്യങ്ങള്‍ക്കുമുള്ള വെള്ളം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണുള്ളത്. കാവാലം, വെളിയനാട്, പുളിങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യ ബന്ധനം നടത്തിയിരുന്ന പ്രധാന ഇടത്തോടാണ് ഇപ്പോള്‍ പോള തിങ്ങിക്കിടക്കുന്നത്.
















