കൊട്ടാരക്കര: ന്യൂനപക്ഷമോര്‍ച്ച ജില്ലാസെക്രറിയെയും മകളെയും ഒരുസംഘം ആക്രമിച്ചു.
പരിക്കേറ്റ ജില്ലാസെക്രട്ടറി റംലബീവി (52), മകള്‍ റംസിയ ഷിഹാബ് (23) എന്നിവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടിക്കവല പഞ്ചായത്തിലെ തലച്ചിറ ഏഴാംവാര്‍ഡ് ഗ്രാമസഭയിലെ അഴിമതി ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ തലച്ചിറ പിഎച്ച് സെന്ററില്‍ നടന്ന ഗ്രാമസഭയില്‍ ഗുണഭോക്തൃലിസ്റ്റിലെ അഴിമതിയെപറ്റി റംലയുടെ നേതൃത്വത്തിലുള്ള ബിജെപി പ്രവര്‍ത്തകര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.
ഇതിനെ മുന്‍പ്രസിഡന്റുകൂടിയായ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ എതിര്‍ക്കുകയും ബിജെപി പ്രതിഷേധിച്ച് ഗ്രാമസഭ ബഹിഷ്‌കരിക്കുകയും ചെയ്തു. തുടര്‍ന്ന് കളക്ടര്‍ക്ക് ഉള്‍പ്പടെ പരാതി നല്‍കാന്‍ റംലയുടെ വീട്ടിലെത്തി തയ്യാറെടുക്കുമ്പോള്‍ ഒരുസംഘം എത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. മുറ്റത്ത് കിടന്ന കാറിന്റെ ചില്ലുകളും വീടിന്റെ ജനലും കല്ലേറില്‍ തകര്‍ന്നു. തുടര്‍ന്ന് വീട്ടിലെത്തിയ സംഘം റംലേയും മകളേയും ആക്രമിച്ചു. മുഖത്തും കാലിനും പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്. മുസ്ലീം’ഭൂരിപക്ഷ മേഖലയായ തലച്ചിറയില്‍ നിന്നും മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജെപിയില്‍ എത്തിയതാണ് ഈ കുടുബം. അന്നുമുതല്‍ കുടുംബത്തിന് നേരെ ഭീഷണിയും വിലക്കും നിലനില്‍ക്കുകയാണ്. ഇവരുടെ പ്രവര്‍ത്തന ഫലമായി കൂടുതല്‍ പേര്‍ ബിജെപിയില്‍ എത്തിയതോടെ ഭീഷണി വര്‍ധിക്കുകയായിരുന്നു. മുന്‍പും ഇവര്‍ക്കും ബിജെപി മണ്ഡലം സെക്രട്ടറി സിജിമോള്‍ റാഫിക്കും നേരെ ആക്രമണമുണ്ടായിരുന്നു.
















