സ്വന്തം ലേഖകന്‍
കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ധനസഹായം വിതരണത്തിനെത്തി. പണമെത്തിയിട്ടും വിതരണം ചെയ്യാതെ സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞുവച്ചിരുന്ന കേന്ദ്രഫണ്ടാണ് ജില്ലയിലെത്തിയത്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച രണ്ട് കോടി 81 ലക്ഷം രൂപയാണ് രണ്ട് ദിവസം മുമ്പ് വിതരണത്തിനായി ജില്ലയിലെത്തിയത്. കളക്‌ട്രേറ്റില്‍ നിന്നും ഫണ്ട് വിതരണത്തിനായി കൊല്ലം തഹസില്‍ദാരെ ഏല്‍പ്പിച്ചു.
ദിവസങ്ങള്‍ക്കകം അര്‍ഹരായവര്‍ക്ക് ഫണ്ട് ബാങ്ക് വഴി വിതരണം ചെയ്യും. കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ അത് വിതരണം ചെയ്യാതിരുന്ന സംഭവം ജന്മഭൂമി വാര്‍ത്തയാക്കിയിരുന്നു.
സെപ്തംബര്‍ 29 നാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് ഫണ്ട് കൈമാറിയത്. എന്നാല്‍ ആ തുക ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിനോ പരിക്കേറ്റവര്‍ക്കോ വിതരണം ചെയ്യാന്‍ രണ്ട് മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ തയാറായില്ല.
മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് പ്രഖ്യാപിച്ചിരുന്നത്. ഈ തുകയാണ് അനുവദിച്ചത്.
കേന്ദ്രസര്‍ക്കാരില്‍ നിന്നും തുക അനുവദിച്ചിട്ടും ഇല്ല എന്നാണ് അന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പറഞ്ഞത്. എന്നാല്‍ തുക അനുവദിച്ചിട്ടുണ്ടെന്നുള്ള വിവരവകാശ രേഖയുടെ പകര്‍പ്പ് ജന്മഭൂമിക്ക് ലഭിച്ചിരുന്നു. ദുരന്തത്തില്‍ പരിക്കേറ്റവരുടെയും മരിച്ചവരുടെയും പട്ടിക ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖേനയാണ് ജില്ലാ ഭരണകൂടം ശേഖരിച്ചിരിക്കുന്നത്. ഇത് പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം കൊല്ലം കളക്‌ട്രേറ്റില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് അയച്ചിട്ടുണ്ട്. സഹായ വിതരണം വൈകിപ്പിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നല്‍കിയിരുന്നു. അതേസമയം പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇനി സംസ്ഥാനത്ത് ഒരിടത്തും മത്സരക്കമ്പം നടത്താന്‍ അനുമതി നല്‍കരുതെന്ന് കാട്ടി അധികൃതര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കി.
















