നീലേശ്വരം: നീലേശ്വരം കോട്ടപ്പുറം പാലം നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങുന്നതായി വ്യാപക പരാതി ഉയരുന്നു. പത്തു വര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയ പാലമാണ് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാകാതെ ഇഴഞ്ഞു നീങ്ങുന്നത്. പാലമെന്ന് ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് വ്യക്തമാക്കുവാന്‍ കഴിയാതെ നിലയിലാണ് അധികൃതരും. തീരദേശത്തെ ഗതാഗത ക്ലേശത്തിന് പരിഹാരം കണ്ടെത്തുന്നതിനാണ് ചെറുവത്തൂര്‍ പഞ്ചായത്തിനെ നീലേശ്വരം നഗരവുമായി ബന്ധിപ്പിക്കുന്നതിന് കോട്ടപ്പുറത്ത് പാലം നിര്‍മിക്കുവാന്‍ തീരുമാനിച്ചത്. നിരവധി പ്രക്ഷോഭങ്ങളും സമരങ്ങളും പാലത്തിന് വേണ്ടി നാട്ടുകാര്‍ സംഘടിപ്പിച്ചെങ്കിലും അധികൃതര്‍ക്ക് ഒരു അനക്കവുമില്ല. എട്ടു സ്പാനുകളും, ഏഴ് തൂണുകളുമാണ് പാലത്തിന് വേണ്ടി നിര്‍മിച്ചെങ്കിലും പാലത്തിന്റെ മുകളിലുള്ള കൈവരിയുടെ നിര്‍മ്മാണം അവശേഷിക്കുകയാണ്. നീലേശ്വരം നഗരത്തില്‍ നിന്നും കോട്ടപ്പുറം പാലം വരെ വീതി കൂടിയ റോഡാണെങ്കിലും അച്ചാംതുരുത്തിയില്‍ നിന്നും മടക്കര വരെയുള്ള റോഡിന് ആവശ്യത്തിന് വീതിയില്ല. പാലം പണി നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ തന്നെ അപ്രോച്ചു റോഡിന്റെ നിര്‍മ്മാണം ആരംഭിക്കാത്തത് കൊണ്ട് പാലം തുറന്ന് കൊടുക്കുവാനെനിയും വര്‍ഷങ്ങള്‍ കഴിയും. അച്ചാംതുരുത്തിയില്‍ നിന്നും മടക്കരയിലേക്കുള്ള റോഡ് ആവശ്യത്തിന് വീതിയില്ലാത്തതിന് പുറമേ നിരവധി വളവുകളും തിരിവുകളുമുണ്ട്. ഇത് കാരണം യാത്രയ്ക്ക് വളരെ പ്രയാസമായിരിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: