തളിപ്പറമ്പ്: നരിക്കോട് കന്നിക്കുളങ്ങര ക്ഷേത്രത്തില്‍ നടപ്പന്തല്‍, മണ്ഡപം, ഊട്ടുപുര എന്നിവയുടെ സമര്‍പ്പണവും സൗജന്യ ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനവും സമൂഹ വിവാഹവും സംഘടിപ്പിക്കുന്നു. 2017 മെയ് 6നാണ് ശിലാസ്ഥാപന ചടങ്ങ് നടക്കുക. ഇതോടനുബന്ധിച്ച് 7ന് പാവപ്പെട്ട പത്തുപേരുടെ സൗജന്യ സമൂഹ വിവാഹവും പതിനായിരം പേരുടെ അന്നദാനവും നടത്തും. വിവാഹത്തിന് ക്ഷേത്രംവക വധൂവരന്‍മാര്‍ക്ക് സമ്മാനമായി 5 പവന്‍ സ്വര്‍ണ്ണവും വസ്ത്രങ്ങളും പതിനായിരം രൂപയും നല്‍കും. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ഒന്നരക്കോടിയിലേറെ രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ സംരംഭത്തിന്റെ പ്രചരണാര്‍ത്ഥം നാളെ മുതല്‍ ഡിസംബര്‍ 15 വരെ ജനസമ്പര്‍ക്ക യാത്ര നടത്തും. കാസര്‍കോഡ് നിന്നും മാഹിവരെ നീളുന്ന ജനസമ്പര്‍ക്ക യാത്ര എടനീര്‍ മഠാധിപതി കേശവനാന്ദ ഭാരതി സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. ഏഴോം നരിക്കാട് കുന്നമംഗലം ഈറ്റിശ്ശേരി ഇല്ലംവകയായിരുന്ന കന്നിക്കുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രം 2005ലാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ പുനര്‍ നിര്‍മ്മിച്ചത്. 2005 ജൂലൈ 14നായിരുന്നു പുനപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്. സമൂഹ വിവാഹത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള യുവതീയുവാക്കളുടെ രക്ഷിതാക്കള്‍ ഫെബ്രൂവരി 28ന് മുമ്പ് ക്ഷേത്രം ഭാരവാഹികള്‍ക്ക് അപേക്ഷ നല്‍കണം.















