പയ്യന്നൂര്‍: പയ്യന്നൂര്‍ തായിനേരി വെള്ളാരങ്കര ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ട മഹോത്സവം ഡിസംബര്‍ 30 മുതല്‍ ജനവരി 2 വരെ നടക്കും. 95 വര്‍ഷത്തിന് ശേഷമാണ് ഇവിടെ പെരുങ്കളിയാട്ടം നടക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി നാള്‍ മരം മുറിക്കല്‍ ചടങ്ങ്, അന്തിത്തിരിയന്‍ വടക്കേപ്പുരയില്‍ ദിവാകരന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു. തായ്‌പരദേവത തെയ്യക്കോലത്തിന്റെ മുടി നിര്‍മ്മിക്കുന്നതിനുള്ള കവുങ്ങ് കുമ്പക്കൊവ്വലിലെ കിഴക്കേവീട്ടില്‍ കരുണാകരന്റെ വീട്ടുവളപ്പില്‍ നിന്നാണ് മുറിച്ചത്. ഒറ്റപ്പുരയില്‍ തമ്പാന്റെ കാര്‍മ്മികത്വത്തില്‍ മുറിച്ച കവുങ്ങ് നൂറുകണക്കിന് ഭക്തജനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് ക്ഷേത്രത്തിലെത്തിച്ചത്. ഈ കവുങ്ങ് ചെത്തിചീകിയെടുത്താണ് ആചാരാനുഷ്ഠാനങ്ങളോടെ മുടിയുണ്ടാക്കുന്നത്. കന്നിക്കലവറ നിര്‍മ്മിക്കുന്നതിന് ക്ഷേത്രമുറ്റത്തുണ്ടായിരുന്ന പാലമരവും മുറിച്ചു. ഉത്സവകാലത്ത് ദേവി കുടികൊള്ളുന്നു എന്ന് വിശ്വസിക്കുന്ന കന്നിക്കലവറയില്‍ ഉത്സവം തുടങ്ങി അവസാനിക്കുന്നത് വരെ ദീപം ജ്വലിച്ചുകൊണ്ടിരിക്കും.















