വണ്ടിപ്പെരിയാര്‍: സ്വകാര്യ വ്യക്തിയുടെ വീടിന് സമീപം അര്‍ദ്ധ രാത്രിയില്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിതെറി പരിസരവാസികള്‍ പരിഭ്രാന്തരായി. 62ാം മൈല്‍ വക്കച്ചന്‍ കോളനിയില്‍ താമസം മാളിയേക്കല്‍ വീട്ടില്‍ ഗോപിയുടെ വീടിനോട് ചേര്‍ന്ന സെപ്റ്റിക്ക് ടാങ്കിന് സമീപത്താണ് ശനിയാഴ്‌ച്ച അര്‍ദ്ധ രാത്രി 12.30 ഓട് കൂടി പൊട്ടിതെറിച്ചത്. ടാങ്കിന്റെ മുകള്‍ഭാഗത്തെ സിമന്റ് സ്ലാബുകള്‍ പൊട്ടിയതിന്റെ കഷണങ്ങള്‍ സമീപത്തെ വീടുകളുടെ പരിസരത്ത് ചെന്ന് പതിച്ചു. രാത്രിയിലെ വന്‍ ശബ്ദം കേട്ട് കോളനിയിലെ ജനങ്ങള്‍ പരിഭ്രാന്തരായി. 50 ഓളം വീടുകള്‍ ഈ പ്രദേശത്ത് ഉണ്ട്. സെപ്ടിക്ക് ടാങ്കിന് എയര്‍ ഹോള്‍ സ്ഥാപിച്ചിരുന്നില്ല. ടാങ്കില്‍ വിഷവാതകം നിറഞ്ഞ് പൊട്ടിയതാകുമെന്ന് പൊലീസ് നടത്തിയ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയില്‍ സെപ്ടിക്ക് ടാങ്കിന് സമീപത്തായുള്ള മാലിന്യക്കുഴി തീ കത്തിച്ച നിലയിലാരുന്നു. സംഭവത്തില്‍ ദുരൂഹത ഉള്ളതായും വിവരമുണ്ട്.
















