കാഞ്ഞാര്‍: ചികിത്സാ നിഷേധിച്ചതിനെതിരെയും മാനേജ്‌മെന്റിന്റെ മാനസീക പീഡനത്തിലും പ്രതിഷേധിച്ച് മരത്തിന് മുകളില്‍ കയറിയ യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി.മലങ്കര എസ്റ്റേറ്റിലെ ടാപ്പിങ്ങ് തൊഴിലാളിയായ മലയാറ്റില്‍ ബിനുകുമാര്‍ (39) ആണ് ഇന്നലെ രാവിലെ മലങ്കര ഡാമിനുസമീപമുള്ള എസ്റ്റേറ്റ് വക തോട്ടത്തിലെ റബ്ബര്‍ മരത്തില്‍ കയറി ആത്മഹത്യ ഭീഷണി ഉയര്‍ത്തിയത്. തൊടുപുഴ ഡിവൈഎസ്പി അടക്കമുള്ളവര്‍ എത്തി രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് ബിനുകുമാറിനെ അനുനയിപ്പിച്ച് മരത്തില്‍ നിന്നും താഴെ ഇറക്കിയത്. ബിനുകുമാര്‍ നെതിരെ കള്ളപരാതി നല്‍കിയ പതിനഞ്ച് പേരേയും ഓഫീസില്‍ വിളിച്ച് വരുത്തി പ്രശ്‌നം പരിഹരിക്കാം എന്ന ഡിവൈഎസ്പി യുടെ
ഉറപ്പിന്‍മേലാണ് മരത്തില്‍ നിന്നും താഴെ ഇറങ്ങിയത്. അഗ്‌നിശമന സേന ഗോവണിയുടെ സഹായത്തിലാണ് ബിനുവിനെ മരത്തില്‍ നിന്നും താഴെയിറക്കിയത്.
സംഭവത്തെക്കുറിച്ച് ബിനുകുമാര്‍ പറയുന്നതിങ്ങനെ. മലങ്കര എസ്റ്റേറ്റിലെ ജിവനക്കാരനായ ഞാനും ഭാര്യയും രണ്ട് മക്കളും അച്ഛനും അമ്മയും ഒരുമിച്ചാണ് താമസം.തന്റെ ആശ്രിതരായ അച്ഛനും അമ്മക്കും ചികിത്സ നിഷേധിച്ചതാണ് സംഭവത്തിന്റെ തുടക്കം. ആശ്രിതര്‍ എസ്റ്റേറ്റിലെ സൗജന്യ ചികിത്സക്ക് അര്‍ഹരല്ലെന്ന് കമ്പനി വാദിക്കുന്നു. എന്നാല്‍ വിവരാവകാശപ്രകാരം ബിനുകുമാര്‍ നല്‍കിയ അപേക്ഷയില്‍ ആശ്രിതരും ചികിത്സക്ക് അര്‍ഹരാണെന്ന് മനസിലാക്കിയിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ ചികിത്സ നിഷേധിക്കുന്നത് ചോദ്യം ചെയ്ത് പ്ലാന്റേഷന്‍ ഇന്‍സ്റ്റപെക്ടര്‍ക്ക് ബിനുകുമാര്‍ പരാതി നല്‍കിയിരുന്നു. ഒക്ടോബര്‍ പത്താം തീയതിയാണ് പ്ലാന്റേഷന്‍ ഇന്‍സ്റ്റപെക്ടര്‍ക്ക് ബിനുകുമാര്‍ പരാതി നല്‍കിയത്.
സംഭവം വിവാധമായതോടെ മാനേജ്‌മെന്റ് പ്രതിനിധികളേയും പരാതിക്കാരനായ ബിനുകുമാറിനെയും മുട്ടം സ്റ്റേഷനില്‍ വിളിച്ച് വരുത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ചികിത്സ നല്‍കാന്‍ നടപടി സ്വീകരിക്കും എന്ന് മാനേജ്‌മെന്റ് ഉറപ്പിന്‍മേലാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്.എന്നാല്‍ പിന്നീടും ചികിത്സ നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. കൂടാതെ എസ്റ്റേറ്റ് ആശുപത്രിയിലെ ഡോക്ടര്‍ വേണ്ടുന്ന യോഗ്യതയുളള ആളില്ലാ എന്ന പരാതിയും ഉന്നയിച്ചിരുന്നു.
ഈ പരാതികളെല്ലാം നിലനില്‍ക്കെ ഈ മാസം പതിനഞ്ചാം തിയതി തന്റെ മകള്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി പോയി. കമ്പനിയുടെ അനുവാദ പത്രം സൗജന്യ ചികിത്സയ്‌ക്കായി ആവശ്യമായി വന്നതോടെ കുട്ടിയുമായെത്തി പത്രം വാങ്ങി. ഇതിനിടയില്‍ കശപിശയുമുണ്ടായി. മാനേജ്‌മെന്റ് പ്രതിനിധികളായ പതിനഞ്ച് പേര്‍ ഒപ്പിട്ട് ബിനുകുമാരിനെതിരെ പരാതി മുട്ടം സ്റ്റേഷനില്‍ നല്‍കി. ഓഫീസിലെത്തി അസഭ്യം പറഞ്ഞെന്ന് കാരണം പറഞ്ഞാണ് കേസ് നല്‍കിയത്. തുടര്‍ന്ന് ഇരുകൂട്ടരേയും വിളിച്ച് വരുത്തി കേസ് പരസ്പരം ഒഴിവാക്കി.
ഇത് കള്ള പരാതി ആണെന്ന് ബിനുകുമാര്‍ പറയുന്നു. താന്‍ ആരേയും അസഭ്യം പറഞ്ഞിട്ടില്ലെന്നും മാനേജ്‌മെന്റിനെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യം മൂലമാണെന്നും ബിനുകുമാര്‍ പറയുന്നു.
















