കുന്നത്തൂര്‍: പഠിപ്പുമുടക്ക് പ്രതിഷേധം പൊളിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഒത്താശ ചെയ്ത ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം.
പോലീസ് സ്‌റ്റേഷനില്‍ അതിക്രമം കാട്ടിയതിന് നാല് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളെ കഴിഞ്ഞ ദിവസം ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിക്കാനാണ് കഴിഞ്ഞദിവസം കെഎസ്‌യു കുന്നത്തൂരില്‍ പഠിപ്പുമുടക്ക് സമരം പ്രഖ്യാപിച്ചത്. ഒട്ടുമിക്ക സ്‌കൂളുകളും സമരത്തെ തുടര്‍ന്ന് പ്രവര്‍ത്തിച്ചില്ല. അതേസമയം ഏഴാംമൈല്‍ സെന്റ്‌തോമസ് സെന്‍ട്രല്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചു. ഇതറിഞ്ഞ കെഎസ്‌യു പ്രവര്‍ത്തകര്‍ സ്‌കൂളില്‍ എത്തുകയും അധ്യയനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സ്‌കൂളില്‍ അധ്യയനം നടത്താന്‍ കൊടിക്കുന്നില്‍ സുരേഷ് അനുമതി നല്‍കിയെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നേതാക്കളെ അറിയിച്ചു. നേതാക്കളുടെ ആവശ്യപ്രകാരം ചെയര്‍മാന്‍ സ്‌കൂള്‍ ലെറ്റര്‍പാഡില്‍ ഈ വിവരം എഴുതി നല്‍കുകയും ചെയ്തു. അതോടെ കെഎസ്‌യു നേതാക്കള്‍ പിരിഞ്ഞ് പോവുകയായിരുന്നു. സ്‌കൂളില്‍ അധ്യയനം നടക്കുകയും ചെയ്തു. സ്‌കൂള്‍ അധികൃതരുമായുള്ള വ്യക്തിബന്ധത്തിന്റെ പേരില്‍ പ്രതിഷേധസമരത്തിനെതിരെ നിലപാടെടുത്ത കൊടിക്കുന്നിലിനെതിരെ കെഎസ്‌യു, യൂത്ത്, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നവമാധ്യമങ്ങളിലൂടെ വലിയ ആക്രമണമാണ് നടത്തുന്നത്. പല പോസ്റ്റുകളും കടുത്ത ഭാഷയില്‍ ഉള്ളതാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും ഈ സംഭവത്തില്‍ രണ്ട് അഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ വരുംദിവസങ്ങളില്‍ ഇത് കൂടുതല്‍ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ക്ക് വഴിവയ്‌ക്കും.
















