കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം അടച്ചുപൂട്ടുകയാണെന്ന രീതിയില്‍ കുപ്രചരണങ്ങള്‍ നടത്തിയവര്‍ക്ക് തിരിച്ചടി. ജനുവരി അവസാനവാരത്തോടെ വലിയ വിമാനങ്ങള്‍ ഇവിടെ നിന്ന് സര്‍വീസ് നടത്തുമെന്ന് സൂചന. പുതിയ റണ്‍വെ ഇതിന് പര്യാപ്തമാണോയെന്ന് പരിശോധിക്കാനായി ഡിജിസിഎ സംഘം എത്തും. ജനുവരിയിലാകും സംഘം കരിപ്പൂരിലെത്തുക.
ഡിസംബറില്‍ റണ്‍വെ റീ-കാര്‍പ്പറ്റിംഗ് പൂര്‍ത്തിയാകും. ഇത് പരിശോധിക്കാനാണ് ഡിജിസിഐ സംഘമെത്തുന്നത്. അത്യാധുനിക രീതിയില്‍ റണ്‍വെ ബലപ്പെടുത്താന്‍ ഒരു വര്‍ഷം കൊണ്ട് സാധ്യമായിട്ടുണ്ട്.
2001ല്‍ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വ്വീസ് ആരംഭിച്ചത് മുതലാണ് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ റണ്‍വെ പ്രാപ്തമാണെന്ന് കണ്ടെത്തിയത്.പിന്നീട് 2002ല്‍ ഹജ്ജ് സര്‍വീസിനായി കരിപ്പൂരിലെത്തിയത് എയര്‍ ഇന്ത്യയുടെ 450 പേരെ ഉള്‍ക്കൊളളുന്ന ജെമ്പോ വിമാനമായിരുന്നു. അന്താരാഷ്ട്രപദവിയും, രാത്രികാല സര്‍വീസ് അനുമതിയും എത്തിയതോടെ കൂടുതല്‍ സര്‍വീസുകളായി. 2006 ഫെബ്രുവരിയില്‍ കരിപ്പൂരിന് അന്താരാഷ്ട്ര പദവി നല്‍കിയതോടെ വിദേശ വിമാന കമ്പനികളും ഇവിടെ നിന്ന് സര്‍വീസ് ആരംഭിച്ചു. പരിമിതമായ സൗകര്യങ്ങളിലും 2015 ഏപ്രില്‍ 30 വരെ ജെമ്പോ വിമാനങ്ങള്‍ വന്നിറങ്ങിയിരുന്നു. പിന്നീട് റണ്‍വെ അറ്റകുറ്റപ്പണികള്‍ക്കായി വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
2850 മീറ്റര്‍ നീളമാണ് കരിപ്പൂര്‍ റണ്‍വെക്കുളളത്.എന്നാല്‍ കരിപ്പൂരിനേക്കാള്‍ കുറഞ്ഞ 2760 മാത്രം നീളമുളള ലക്നൗ വിമാനത്താവളത്തില്‍ പ്രയാസങ്ങളില്ലാതെ ഇത്തരം വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന്(ഐസിഎഒ) മാനദണ്ഡമനുസരിച്ച് 300 മീറ്റര്‍ റണ്‍വെ സ്ട്രിപ്പ് ആവശ്യമാണ്. കരിപ്പൂരില്‍ ഇത് 150 മീറ്ററാണ്.
വലിയ വിമാനങ്ങള്‍ ഇറങ്ങാതായത് മുതല്‍ മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയും മുസ്ലീം മതസംഘടനകളും സമരം ആരംഭിച്ചിരുന്നു. കരിപ്പൂര്‍ വിമാനത്താവളം അടച്ചുപൂട്ടുമെന്ന രീതിയില്‍ വരെ പ്രചാരണം നടന്നു. കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്നും അത്യാധുനികമായ റണ്‍വെ നിര്‍മ്മിച്ച് സര്‍വീസുകള്‍ പുനാരാരംഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. പക്ഷേ രാഷ്ട്രീയലാഭത്തിന് വേണ്ടി സിപിഎമ്മും ലീഗും സമരങ്ങള്‍ തുടര്‍ന്നു. ചില സംഘടനകള്‍ വര്‍ഗീയമായി വരെ ഈ വിഷയത്തെ അവതരിപ്പിച്ചുയെന്നതാണ് ശ്രദ്ധേയം. എന്തായാലും എല്ലാ സമരക്കാര്‍ക്കും ശക്തമായ തിരിച്ചടി നല്‍കികൊണ്ട് ലോകോത്തര നിലവാരത്തിലേക്കുയരുകയാണ് കരിപ്പൂര്‍ വിമാനത്താവളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: