കൊച്ചി:കോടതി റിപ്പോര്‍ട്ടിങ്ങിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പുതിയ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയ നടപടി ദൗര്‍ഭാഗ്യകരമെന്ന് വി.ഡി.സതീശന്‍ എംഎല്‍എ.നിയമ ബിരുദവും കോടതി റിപ്പോര്‍ട്ടിങ്ങില്‍ അഞ്ചുവര്‍ഷത്തെ പരിചയവും മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണമെന്ന തീരുമാനം ഒരു യുക്തിയുമില്ലാത്തതാണ്. പ്രസ്‌ക്ലബ്ബ് മാധ്യമപ്രവര്‍ത്തകരുടെ തൊഴിലവകാശം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ അറിയാനുളള അവകാശത്തെ ബാധിക്കുന്ന ഇത്തരമൊരു വിഷയത്തില്‍ ഏകപക്ഷീയമായ തീരുമാനമെടുക്കാന്‍ ആരാണ് ജഡ്ജിമാര്‍ക്ക് അധികാരം നല്‍കിയതെന്ന് അഡ്വ.എ.പി.ഉദയഭാനു ചോദിച്ചു. അടുത്ത അഞ്ചോ ആറോ വര്‍ഷത്തേക്ക് മാദ്ധ്യമപ്രതിനിധികളെ കോടതിയില്‍ നിന്ന് ഒഴിവാക്കാനുളള തന്ത്രമാണിത്. കുഴപ്പം സംഭവിക്കുന്ന എന്തു കാര്യമാണ് കോടതിയില്‍ നടക്കുന്നതെന്ന് ജഡ്ജിമാര്‍ പറയണം. വാര്‍ത്ത എഴുതിയത് എല്‍.എല്‍.ബിക്കാരനാണോ എന്ന് വായനക്കാര്‍ക്ക് അറിയേണ്ട കാര്യമില്ല . തങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ കോടതി എന്ത് നടപടി സ്വീകരിച്ചുവെന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്.
കഴിഞ്ഞ 120 ദിവസമായി വാര്‍ത്തയുടെ തമസ്‌കരണം നടക്കുന്നതു മൂലം ജഡ്ജിമാര്‍ക്ക് ജനകീയ ഇടപെല്‍ നടത്താന്‍ കഴിയുന്നില്ല. പൊതുസമൂഹത്തിലെ ചര്‍ച്ചകളിലും അനുരണനങ്ങളിലൂടെയുമാണ് ജഡ്ജിമാര്‍ മാറ്റങ്ങള്‍ സ്വാംശീകരിക്കുന്നത്. ഇതിന്റെ പ്രതിഫലനം വിധികളിലുമുണ്ടാവും. എന്നാല്‍ മാധ്യമ വിലക്കു മൂലം സ്വാശ്രയ കോളേജ് പ്രവേശനം ഉള്‍പ്പടെയുളള വിഷയങ്ങളില്‍ കോടതികളില്‍ എന്തു ചര്‍ച്ച നടന്നുവെന്ന് അറിയാനുളള അവസരം ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടുവെന്നും ഉദയഭാനു പറഞ്ഞു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.ഗോപകുമാര്‍ സ്വാഗതമാശംസിച്ചു.എന്‍.പത്മനാഭന്‍ വിഷയം അവതരിപ്പിച്ചു.അഡ്വ.സി.പി ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി.എറണാകുളം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് രവികുമാര്‍ അധ്യക്ഷനായിരുന്നു.ട്രഷറര്‍ പി.എ മഹബൂബ് നന്ദി പറഞ്ഞു.
















