കണ്ണൂര്‍: സീനിയര്‍ ഗേള്‍സ് വിഭാഗം 1500 മീറ്ററില്‍ ഒന്നാമതെത്തിയ മണക്കടവ് ശ്രീപുരം ഗവ. എച്ച്എസ്എസിലെ എ.ജെ.ജിജിമോളുടെ വിജയത്തിന് സ്വര്‍ണത്തേക്കാള്‍ തിളക്കം. വിദ്യാലയത്തില്‍ കായികാധ്യാപകനില്ലാത്തതു കാരണം പ്രത്യേക പരിശീലനമൊന്നും ലഭിക്കാതെയാണ് ഈ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി മത്സരിക്കാനെത്തിയത്. സ്‌പോര്‍ട്‌സ് ഡിവിഷനിലേയും സായിയുടെയും മറ്റു മികച്ച പരിശീലനം ലഭിച്ചുപോരുന്ന കുട്ടികള്‍ക്കൊപ്പമായിരുന്നു ഈ താരത്തിന്റെ മത്സരം. മറ്റുള്ളവര്‍ സ്‌പൈക്‌സും മറ്റു സംവിധാനങ്ങളുമായി ട്രാക്കിലെത്തിയപ്പോള്‍ നഗ്‌നപാദയായിട്ടായിരുന്നു ജിജിമോള്‍ ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ വലിയ മുന്നേറ്റമൊന്നും പ്രകടിപ്പിക്കാതിരുന്ന ജിജിമോള്‍ അവസാന ലാപ്പില്‍ മറ്റുളളവരെ പിന്നിലാക്കി കുതിക്കുകയായിരുന്നു. ആദ്യമായാണ് ഈ കായികതാരം ജില്ലാമേളയില്‍ പങ്കെടുക്കുന്നത്. 800 മീറ്ററില്‍ മൂന്നാംസ്ഥാനവും നേടിയിട്ടുണ്ട്. കായികമേളയില്‍ മത്സരിക്കാനുള്ള ജിജിമോളുടെ ആഗ്രഹം ഉള്‍ക്കൊണ്ട അധ്യാപികയായ ബിന്ദുവിന്റെയും മറ്റുള്ളവരുടെയും പ്രോത്സാഹനമാണ് തന്റെ ഈ നേട്ടത്തിനു പിന്നിലെന്നു ജിജി മോള്‍ പറഞ്ഞു.അരുവിന്‍കോട് രാജന്‍സാവിത്രി ദമ്പതികളുടെ മകളാണ്.
















