തിരുവനന്തപുരത്ത് റിസര്‍വ്വ് ബാങ്കിനു മുന്നില്‍ സര്‍ക്കാര്‍ നടത്തിയ സമരത്തില്‍ വി.എസ്. അച്യുതാനന്ദന് സംസാരിക്കുന്നു
ആലപ്പുഴ: കള്ളപ്പണക്കാര്‍ക്കെതിരായ കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്കിന് മുന്നില്‍ നടത്തിയ സമരത്തിലും മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്‍മാനുമായ വി. എസ്. അച്യുതാനന്ദന് പാര്‍ട്ടി പത്രത്തിന്റെ അവഗണന. ദേശാഭിമാനി പത്രത്തില്‍ വിഎസിന്റെ ഒരു വരി പ്രസംഗമോ, അദ്ദേഹത്തിന്റെ പടമോ കൊടുത്തിട്ടില്ല.
മറ്റു നേതാക്കള്‍ സംസാരിക്കുന്ന ഫോട്ടോകളിലും അച്യുതാനന്ദന്റെ ചിത്രം ഉള്‍പ്പെടാതിരിക്കാന്‍ ദേശാഭിമാനി ശ്രമിച്ചിട്ടുണ്ട്. ഈര്‍ക്കിലി പാര്‍ട്ടികളുടെ നേതാക്കളുടെ പ്രസംഗങ്ങള്‍ വരെ പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് ഈ അവഗണന. പ്രധാന മന്ത്രിയെ അവഹേളിക്കുന്ന വിഎസിന്റെ പ്രസംഗം വന്‍ പ്രാധാന്യത്തോടെ കുത്തക പത്രങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് പാര്‍ട്ടി പത്രത്തിന്റെ നിലപാട് ശ്രദ്ധേയമാകുന്നത്. ആലപ്പുഴയില്‍ നടന്ന കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ തലേന്ന് അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അച്യുതാനന്ദനെ പാര്‍ട്ടി വിരുദ്ധനെന്ന് ചാപ്പകുത്തി അധിക്ഷേപിച്ചിരുന്നു.
പാര്‍ട്ടി പത്രവും പിണറായിയെ അനുകൂലിക്കുന്ന ഔദ്യോഗിക പക്ഷവും ഇപ്പോഴും അന്നത്തെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ദേശാഭിമാനിയുടെ നിലപാട്. പാര്‍ട്ടിയുടെ ഏതെങ്കിലും ഘടകത്തില്‍ ഉള്‍പ്പെടുത്താന്‍ എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ അച്യുതാനന്ദന് മുന്നിട്ടിറങ്ങിയ സാഹചര്യത്തിലാണ് പിണറായി പക്ഷം നിലപാട് കടുപ്പിച്ചിരിക്കുന്നത്.
ഭരണപരിഷ്ക്കാര കമ്മീഷന് ഓഫീസ് സെക്രട്ടറിയേറ്റില്‍ അനുവദിക്കാതെ മുഖ്യമന്ത്രി അവഹേളിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി പത്രവും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പിണറായി വിജയന്റെ അടുപ്പക്കാരനായ റസിഡന്റ് എഡിറ്റര്‍ പി. എം. മനോജ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട് നടപ്പാക്കുകയായിരുന്നുവെന്നാണ് വിഎസ് അനുകൂലികള്‍ കുറ്റപ്പെടുത്തുന്നത്.
സീതാറാം യെച്ചൂരിയുടെ കാരുണ്യത്തില്‍ പാര്‍ട്ടിയില്‍ തുടരുന്ന അച്യുതാനന്ദനോട് പിണറായി വിജയന് നയിക്കുന്ന വിഭാഗത്തിന്റെ പക അവസാനിച്ചിട്ടില്ലെന്ന് പാര്‍ട്ടി പത്രത്തിന്റെ ചാപ്പകുത്ത് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: