പെരിന്തല്‍മണ്ണ: ആശങ്കകള്‍ക്കിടെ ജില്ലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍ ശ്രമം. പെരിന്തല്‍മണ്ണ കട്ടുപ്പാറ ചേലക്കാട് എഎംയുപി സ്ക്കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികളെ അജ്ഞാത സംഘം കാറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി. സ്കൂള്‍ അധികൃതരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ ഉച്ച ഭക്ഷണത്തിന് സ്കൂള്‍ വിട്ട ശേഷമായിരുന്നു സംഭവം. സ്കൂളിനടുത്തുള്ള കടയിലേക്ക് പഠന സഹായി വാങ്ങാനായി പോയ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. സമീപത്ത് വന്ന് നിര്‍ത്തിയ വെള്ളക്കാറില്‍ നിന്നും ഒരാള്‍ പുറത്തിറങ്ങി കൂടെ കയറാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് കുട്ടികള്‍ പറഞ്ഞു. ഭയന്ന് അടുത്ത വീട്ടിലേക്കോടിയ കുട്ടികള്‍ പിന്നീട് സ്കൂളിലെത്തി സഹപാഠികളോട് വിവരം പറഞ്ഞു. ഇവരില്‍ നിന്ന് കാര്യമറിഞ്ഞ സ്കൂള്‍ അധികൃതര്‍ പെരിന്തല്‍മണ്ണ പോലീസിനെ വിവരമറിയിച്ചു.
കുട്ടികള്‍ക്കടുത്ത് കാര്‍ വന്ന് നിര്‍ത്തിപോകുന്നത് സ്ഥലത്തുണ്ടായിരുന്ന ഒരു സ്ത്രീയും കണ്ടിരുന്നു. സംഭവമറിഞ്ഞ് നിരവധി രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലേക്കെത്തി. താനാളൂരിലടക്കം കുട്ടികളെ തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നെന്ന വാര്‍ത്തകള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന പലവാര്‍ത്തകളും വ്യാജവും അഭ്യൂഹങ്ങളുമാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും വീണ്ടും പരാതി ഉയരുന്നത് പ്രശ്നത്തിന്റെ ഗൗരവമാണ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: