നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭ ഭവനരഹിതര്‍ക്കായി 2013ല്‍ ആരംഭിച്ച രാമംകുത്ത് പാടിക്കുന്നിലെ പദ്ധതി പ്രദേശം ഒരു സംഘം ആളുകള്‍ കയ്യേറി. സ്ഥലത്തെ കാടുകള്‍ വെട്ടിത്തെളിച്ച് നഗരസഭ എസ്സി കുടുംബങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമായി വാങ്ങിയ ഭൂമിയിലാണ് മുപ്പതോളം സ്ത്രീകളുള്‍പ്പടെയുള്ള സംഘം കഴിഞ്ഞ ദിവസം കയ്യേറി കാടുവെട്ടിത്തെളിച്ചത്. ആശ്രയ പദ്ധതിയില്‍ നിര്‍മിച്ചിട്ടുള്ള വീടുകളില്‍ ആള്‍താമസം ഇല്ലാത്തവയില്‍ താമസം തുടങ്ങുമെന്ന് ഇവര്‍ പറഞ്ഞു. നഗരസഭയില്‍ നടപ്പിലാക്കിയ സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായിരുന്നു ഈ സ്ഥലം. നഗരസഭയിലെ അഞ്ഞൂറോളം വരുന്ന കിടപ്പാടമില്ലാത്ത സാധാരണക്കാര്‍ക്ക് സഹായകരമായ പദ്ധതിയായിരുന്നു ഇത്. ആറു കോടിരൂപ ഹഡ്കോയില്‍ നിന്ന് വായ്പ എടുത്തും ഒന്നരക്കോടി രൂപ മുന്‍സിപ്പല്‍ ഫണ്ടുപയോഗിച്ചും ഒരു കോടി രൂപയോളം പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചുമാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ 300 പേര്‍ക്കും രണ്ടാംഘട്ടത്തില്‍ 200 പേര്‍ക്കുമാണ് വീട് നല്കാന് പദ്ധതിയിട്ടത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കളായ തീര്‍ത്തും അശരണരായ പതിനഞ്ച് പേര്‍ക്കായിരുന്നു നഗരസഭയും കുടുംബശ്രീ മിഷനും നേരിട്ട് വീട് നിര്‍മിച്ച് നല്കാന് തീരുമാനിച്ചത്. ഇതില്‍ എച്ച്വാടന് ഉഷ, പാറപ്പുറവന്‍ സുബൈദ, പുത്തന്‍പീടിക സഹീറ, മാനംകുളം കദീജ, തറമ്മല്‍ രാജലക്ഷ്മി, വേങ്ങാത്തൊടിക കദീജ എന്നിവര്‍ക്കുള്ള വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. എന്നാല്‍ താമസം ഇതുവരെ തുടങ്ങിയിട്ടില്ല. പ്രദേശത്ത് ആള്‍താമസം ഇല്ലാത്തതും വൈദ്യുതി എത്താത്തതുമാണ് ഇവിടെയുള്ള വീടുകളില്‍ താമസത്തിന് ആളെത്താത്തതെന്ന് ഗുണഭോക്താക്കള്‍ ചൂണ്ടിക്കാണിച്ചു. അതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഒരു സംഘം ആളുകള്‍ ഇന്നലെ ഉച്ചയോടെ വീടും സ്ഥലവും കയ്യേറിയത്. ഈ സമയം ഉടമകള്‍ വിവരമറിഞ്ഞെത്തിയതോടെ വീടുകളില്‍ നിന്നും കയ്യേറ്റക്കാര്‍ ഒഴിഞ്ഞു. എന്നാല്‍ ബാക്കിയുള്ള വീടുകള്‍ നിര്‍മിക്കാനുള്ള സ്ഥലത്തുനിന്നും ഒഴിഞ്ഞുപോകില്ലെന്നാണ് കയ്യേറ്റക്കാര്‍ പറയുന്നത്.
അതേ സമയം സംഭവം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് പറഞ്ഞു. അതിനുവേണ്ടി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: