മാവേലിക്കര: പട്ടികജാതി വിഭാഗത്തില്‍ പെട്ട യുവാവിന് വിദ്യാഭ്യാസ വായ്‌പ നിഷേധിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി. ചെറിയനാട് ചെറുവല്ലൂര്‍ നെടുവക്കാട്ട് തെക്കേതില്‍ അനന്തുമോഹനാണ് ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ നടന്ന സിറ്റിംഗില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് മുന്‍പാകെ ഹര്‍ജി നല്‍കിയത്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കൊല്ലകടവ് ശാഖ മാനേജര്‍, ആലപ്പുഴ ജില്ലാ കളക്ടര്‍, ലീഡ് ബാങ്ക് മാനേജര്‍ ആലപ്പുഴ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കമ്മീഷനംഗം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയ്‌ക്കാന്‍ ഉത്തരവിട്ടു.
തമിഴ്‌നാട് പിഎസ്എന്‍ പോളി ടെക്‌നിക് കോളേജിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ വിദ്യാര്‍ത്ഥിയാണ് അനന്തു. ഓണ്‍ലൈനില്‍ നല്‍കിയ അപേക്ഷയില്‍ കൊല്ലകടവ് സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കാനാണ് നിര്‍ദ്ദേശം ലഭിച്ചത്. ബാങ്കിലെത്തി രേഖകള്‍ നല്‍കുകയും ലോണ്‍ അനുവദിക്കാം എന്ന് മാനേജര്‍ അറിയിക്കുകയും ചെയ്തു.
ഇതിന്‍ പ്രകാരം ആവശ്യപ്പെട്ട രേഖകള്‍ എല്ലാം നല്‍കി. എന്നാല്‍ കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നും ലോണ്‍ നിഷേധിച്ചുള്ള കത്ത് ലഭിച്ചു. ഇതോടെ തുടര്‍ വിദ്യാഭ്യാസം വഴിമുട്ടി നില്‍ക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.
















