മാനന്തവാടി : മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിനായി വിഭവങ്ങളുടെ നീതിപൂര്വ്വകമായവിതരണം സാധ്യമാക്കണമെന്ന് പ്രശസ്ത അമേരിക്കന്‍ പാരിസ്ഥിതിക സാമ്പത്തികശാസ്ത്രജ്ഞനും ഗാന്ധിയനുമായ പ്രൊഫ. മാര്‍ക്ക് ലിന്‍ഡേ പറഞ്ഞു. മാനന്തവാടി ഗവ.കോളേജ് ഡെവലപ്മെന്റ് ഇക്കണോമിക്സ് വിഭാഗം നടത്തിയ ഒന്നാമത് ഡോ. വര്ഗീസ്കുര്യന് സ്മാരക പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന പരിസ്ഥിതിനാശം വര്‍ധിച്ചുവരുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇത് 21ാംനൂറ്റാണ്ടി ല്‍ ഗുണമോന്മയേറിയ മനുഷ്യജീവിതം അസാധ്യമാക്കും. നിലവിലുള്ള ഫോസില്‍ ഇന്ധനങ്ങള്‍ ഏതാനും ദശകങ്ങള്‍ കൊണ്ട് ഉപയോഗിച്ചുതീരും. എണ്ണ, പ്രകൃതി വാതകം, കല്‍ക്കരി, അലൂമിനിയം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങി പുനരുല്പാദിപ്പിക്കാന് സാധിക്കാത്ത പ്രകൃതിവിഭവങ്ങളുടെ അളവ് അതിവേഗം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം ഭൂപ്രകൃതിയിലും കാര്‍ഷിക മേഖലയിലും സമൂലമായ മാറ്റങ്ങള്‍ക്ക് ഇടയാക്കും. ജലം, വായു, മണ്ണ് മലിനീകരണങ്ങള്‍ അതിസമ്പന്നമായ ജൈവ വൈവിധ്യം നഷ്ടപ്പെടുത്തും.
അപരിമിതമായ വിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഭൂമി എന്ന മിഥ്യാധാരണയില്‍ മുന്നോട്ടു പോകുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശാശ്വതമല്ല. മനുഷ്യരാശിയുടെ നില നില്പിനും മുന്നോട്ടുള്ള പ്രയണത്തിനും സ്നേഹത്തിലും കൂട്ടായ്മയിലും അധിഷ്ഠിതമായ ലോകമുണ്ടാവണം. ഇതുവഴി മാത്രമേ സുസ്ഥിര സാമ്പത്തിക വികസനം എന്ന ലക്ഷ്യത്തിലെത്താന്‍ സാധിക്കുകയുള്ളൂ. അദ്ദേഹം പറഞ്ഞു. ‘സാമ്പദായിക സാമ്പത്തിക ശാസ്ത്രവും വ്യവഹാരങ്ങളും ഒരു പാരിസ്ഥിതിക വിമര്‍ശാനാത്മക സമീപനം’ എന്ന വിഷയത്തിലാണ് പ്രൊഫ. മാര്‍ക്ക് ലിന്‍ഡേ സംസാരിച്ചത്.
റിട്ട. കോളേജധ്യാപകനും സാമ്പത്തിക ശാസ്ത്രവിദഗ്ദനുമായ പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന് ഡോ. വര്‍ഗ്ഗീസ് കുര്യന് അനുസ്മരണ പ്രഭാഷണം നടത്തി. ഗുജറാത്തില്‍ ഡോ. വര്‍ഗീസ് കുര്യന് രൂപം നല്കിയ ക്ഷീരസഹകരണ പ്രസ്ഥാനങ്ങളെ കുറിച്ചും സുസ്ഥിര ഗ്രാമീണ വികസനത്തിനു അതു നല്കിയ ദിശാബോധത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ കെ.എം.ജോസ് അധ്യക്ഷത വഹിച്ചു.
പിടിഎ സെക്രട്ടറി എന്‍. മനോജ്, കോളേജിലെ സാമ്പത്തികശാസ്ത്രവിഭാഗം മുന്‍ മേധാവി കെ.പി.അസീസ്, കോളേജ് ചെയര്മാന് മുഹമ്മദ് ഷക്കീബ്, ഡെവലപ്മെന്റ് ഇക്കമോമിക്സ് വിഭാഗം തലവന്‍ പി.എച്ച്.ഷാനവാസ്, അസി.പ്രൊഫസര്‍ പി.എം.ഹാരിസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: