കണ്ണൂര്‍: കണ്ണൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ്ണ വൈദ്യൂതീകരണ പ്രവൃത്തി നവംബര്‍ 30 നകം പൂര്‍ത്തിയാക്കാന്‍മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കണ്ണൂര്‍ നിയമസഭ നിയോജക മണ്ഡലത്തില്‍ ഇതുവരെ ലഭിച്ച 154 അപേക്ഷകര്‍ക്കും ലൈന്‍ വലിച്ച് കണക്ഷന്‍ നല്‍കുന്നതിനായി 18.8 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായി. ഇതിനുള്ള വിഹിതം എംഎല്‍എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഉടന്‍ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.
ഏറ്റവും പാവപ്പെട്ട ഗുണഭോക്താക്കളുടെ വീടുകള്‍ വയറിങ്ങ് പൂര്‍ത്തിയാക്കുന്നതിന് വിവിധ സന്നദ്ധ സംഘടനകള്‍, വൈദ്യുതി ഓഫീസ് ജീവനക്കാരുടെ കൂട്ടായ്‌മ എന്നിവരെ സഹകരിപ്പിക്കും. ലൈന്‍ വലിക്കുന്നതിന് മറ്റുള്ളവരുടെ അനുമതി ആവശ്യമായി വരുന്ന കണക്ഷനുകള്‍ക്ക് പ്രാദേശിക രാഷ്‌ട്രീയ നേതൃത്വം ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും. ഇങ്ങനെ പരിഹരിക്കാന്‍ കഴിയാത്തവ എഡിഎമ്മിന്റെ പരിഗണനക്ക് വിടാനും യോഗം നിര്‍ദ്ദേശിച്ചു. ഏച്ചൂര്‍ ഉള്‍പ്പെടെയുള്ള സെക്ഷന്‍ ഓഫീസുകളുടെ വിഭജനം തുടങ്ങിയ പ്രൊജക്ടുകള്‍ സമര്‍പ്പിക്കുന്നതിന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
100 ച.മീറ്ററില്‍ താഴെ തറ വിസ്തൃതിയുള്ള വീടുകള്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും 1000 വാട്ട്‌സ് കണക്ടഡ് ലോഡുള്ള ബിപിഎല്‍ അപേക്ഷകരെ ക്യാഷ് ഡപ്പോസിറ്റ് അടക്കുന്നതില്‍ നിന്നും ഒഴിവാക്കി ബോര്‍ഡ് ഉത്തരവിറക്കിയതായും കണ്ണൂര്‍ എക്‌സി. എഞ്ചിനീയര്‍ വി.വി.സുനില്‍ കുമാര്‍ അറിയിച്ചു.
















