മലപ്പുറം: നോട്ടുകള്‍ പിന്‍വലിച്ചതിനെതിരെ സഹകരണ ബാങ്കുകള്‍ ഇന്നലെ നടത്തിയ സമരം പ്രഹസനമായി. കള്ളപ്പണങ്ങളുടെ പ്രധാന കേന്ദ്രം സഹകരണ ബാങ്കുകളാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പരിശോധന ആരംഭിക്കുകയും ചെയ്തു. സഹകരണ ബാങ്കുകള്‍ പഴയ 500, 1000 നോട്ടുകള്‍ സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞതോടെ കള്ളപ്പണത്തിന് കണക്കുകള്‍ പുറത്താകുമെന്ന് ഉറപ്പായി. ജില്ലയിലെ ലീഗ്-സിപിഎം നേതാക്കളുടെയും ബിനാമികളുടെയും സമ്പത്തിന്റെ ഭൂരിഭാഗവും സഹകരണ ബാങ്കുകളിലാണ്. അതുകൊണ്ട് തന്നെ ഇന്നലത്തെ സമരത്തിന് നേതൃത്വം കൊടുത്തത് ലീഗ്-സിപിഎം നേതാക്കളാണ്.
മലപ്പുറം നഗരത്തില്‍ വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചാണ് ദൂരദര്ശന് കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടന്നത്. പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ വി.ശശികുമാറടക്കം മുതിര്‍ന്ന സിപിഎം നേതാക്കളും പങ്കെടുത്തു. ജില്ലയിലെ സഹകരണ ബാങ്കുകളില്‍ ഭൂരിഭാഗവും ഭരിക്കുന്നത് ലീഗാണ് ബാക്കിയുള്ളത് സിപിഎമ്മും. നോട്ട് പിന്‍വലിച്ചത് ഏറ്റവും കൂടുതല്‍ ബാധിച്ചതും ഇത്തരം ബാങ്കുകളെയാണ്.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള വെറും നാടകം മാത്രമായി ഇന്നലത്തെ സമരം മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: