പെരിന്തല്‍മണ്ണ: മഞ്ഞളാംകുഴി അലി, നാലകത്ത് സൂപ്പി, പച്ചീരി ഫാറൂഖ് തുടങ്ങിയ ഒന്നാംനിര നേതാക്കളുടെ ഊഴം കഴിഞ്ഞപ്പോള്‍ തമ്മിലടി രണ്ടാംനിര നേതാക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. പെരിന്തല്‍മണ്ണ മണ്ഡലത്തിലെ മുസ്ലീം ലീഗില്‍ ആഭ്യന്തരയുദ്ധം അതിരൂക്ഷമായിരിക്കുകയാണ്. അച്ചടക്കലംഘനത്തിന് നടപടിയുണ്ടാകുമെന്ന് ഉറപ്പായപ്പോള്‍ നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചു.
പാര്‍ട്ടിയുടെയും വിവിധ പോഷക സംഘടനകളുടെയും ചുമതലയുള്ള എട്ടോളം പേരാണ് ഇപ്പോള്‍ രാജിവെച്ചിരിക്കുന്നത്. ശിഹാബ് ആലിക്കല്‍, എ.വി.മുസ്തഫ, മൊയ്തു കക്കാട്ടുപറമ്പില്‍, കിനാതിയില്‍ സ്വാലിഹ്, നച്ചിയില് മൊയ്തീന്‍കുട്ടി, സലാം ഏലംകുളം, പള്ളിപ്പുറത്ത് അബ്ദുള്ള, പി.കെ.സുധാകരന് എന്നിവരാണ് രാജിവെച്ചവര്‍. ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ പേരില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് ഇവര്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണങ്ങള്‍ ഇതല്ല. ലീഗിലെ ആഭ്യന്തര കലഹങ്ങളും രാജിവച്ചവരില്‍ ചിലരുടെ സിപിഎം ബാന്ധവുമാണ് പ്രശ്നം. രാജിവെച്ചവരില്‍ മൂന്നുപേര്‍ സിപിഎം പ്രവേശനം ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഉടനെ അത് ഉണ്ടാകാന്‍ സാധ്യതയില്ല. സിപിഎമ്മില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്ത സൃഷ്ടിച്ച്, ലീഗ് നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഓഫറുകള്‍ ‘വാരിക്കൂട്ടുകയാണ്’ ഇവരുടെ ലക്ഷ്യം.
അതേസമയം പെരിന്തല്‍മണ്ണ മുസ്ലീം ലീഗില്‍ പുതിയ അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്. ഈ തെരഞ്ഞെടുപ്പോടെ മത്സരരംഗം വിടുന്നതിനാല്‍ പഴയ താല്പര്യമൊന്നും മഞ്ഞളാംകുഴി അലി ഗ്രൂപ്പുകളിയില്‍ കാണിക്കുന്നില്ല. ഇതോടെ അലിയെ പിന്തുണച്ചുവരും അലി ഫാന്‍സുമെല്ലാം അനാഥമായിരിക്കുകയാണ്. ഇതോടെ അടുത്ത നേതാവായി ഉയര്‍ന്നു വരുന്നത് പച്ചീരി ഫാറൂക്കാണ്. ചെറുതല്ലാത്ത ഒരു വിഭാഗം അദ്ദേഹത്തോടൊപ്പമുണ്ട്. എന്നാല്‍ ഫാറൂഖിനെതിരെ നാലകത്ത് സൂപ്പിയെ വീണ്ടും രംഗത്തിറക്കാന്‍ ചിലര്‍ ശ്രമം നടത്തി. പക്ഷേ പ്രതീക്ഷിച്ച പിന്തുണ കിട്ടാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് സൂപ്പിയുടെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ നാലകത്ത് ബഷീറിനെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെപ്പിച്ച് ലീഗിലേക്ക് മടക്കി കൊണ്ടുവന്നത്.
ഇത്തരം അണിയറ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് എട്ടുപേര്‍ രാജിവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: