ചങ്ങനാശേരി: ഇത്തിത്താനം കുതിരപ്പടി ശ്രീനിലയത്തില്‍ ശ്രീലതയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ആഭരണം കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു. മാടപ്പള്ളി മാമ്മൂട് പാണാട്ട് വീട്ടില്‍ നിവിന്‍ ജോസഫ്, വാഴപ്പള്ളി ചീരഞ്ചിറ ഭാഗത്ത് സിബി ആന്റണിയുടെ മകന്‍ സിനോ ദേവസ്യ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്താല്‍ ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷമേ ഇയാള്‍ക്ക് കേസില്‍ പങ്കുണ്ടോയെന്ന് അറിയാന്‍ കഴിയുകയുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു.
ചങ്ങനാശേരി ഇത്തിത്താനം കുതിരപ്പടിയിലുള്ള ശ്രീനിലയം വീട്ടില്‍ തനിച്ച് താമസിച്ചു വരികയായിരുന്ന ശ്രീലത (50)യെ കഴിഞ്ഞ 11നാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. പരിസരവാസികളുമായി വലിയ ബന്ധം പുലര്‍ത്താതിരുന്ന ശ്രീലതയെ കുതിരപ്പടിയ്‌ക്കു സമീപമുള്ള പ്രായപൂര്‍ത്തിയാവാത്ത 2-ാം പ്രതി ചങ്ങനാശേരി സിനോ ദേവസ്യാ വീട്ടു സാധനങ്ങളും മറ്റും വാങ്ങി നല്‍കിയാണ് പരിചയത്തിലായത്. സിനോ ദേവസ്യാ 10-ാം ക്ലാസില്‍ വച്ച് പഠനം മതിയാക്കിയ ആളും കഞ്ചാവിന് അടിമയും ആണ്. സിനോ ദേവസ്യായുടെ സുഹൃത്തായ നിവിന്‍ ജോസഫ് മത്സ്യവ്യാപാരിയും കഞ്ചാവ് ഉപയോഗിക്കുന്ന ആളുമാണ്. വാഹനം വാങ്ങി വാഹനത്തിന്റെ ആര്‍.സി ബുക്ക് പണയം വച്ചും മറ്റും നിവിന്‍ ജോസഫിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കുന്നതിനായആണ് ശ്രീലതയുടെ മുതലുകള്‍ കവര്‍ച്ച ചെയ്യാന്‍ ഇരുവരും തീരുമാനിച്ചത്.
ഇരുമ്പുദണ്ഡുപയോഗിച്ച് തലക്കടിച്ചാണ് പ്രതികള്‍ ശ്രീലതയെ കൊലപ്പെടുത്തിയത്. ശ്രീലത കൊല്ലപ്പെട്ടുവെന്ന് ഉറപ്പായ ശേഷം കഴുത്തില്‍ അണിഞ്ഞിരുന്ന ഒന്നരപ്പവന്റെ മാല ഊരി എടുത്ത് ഇരുവരും അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ശ്രീലതയുടെ മാതാവ് പൊന്നമ്മയും സഹായിയുമാണ് മൃതദേഹം ആദ്യം കണ്ടത്. മുന്‍വശം ഗേറ്റ് അകത്തു നിന്നും പൂട്ടിയ നിലയില്‍ ആയിരുന്നു. ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയും രാത്രി തന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തുടര്‍ന്ന് മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പിറ്റേദിവസം രാവിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരായ ഡോ. ടോമി മാപ്പിളക്കാലായില്‍, ഡോ.സന്തോഷ്, സയന്റിഫിക് എക്‌സ്‌പോര്‍ട്ട് രമ്യാ കെ.പി, ഫിംഗര്‍ പ്രിന്റ് എക്‌സ്‌പേര്‍ട്ട് ഷൈലജ, പോലീസ് ഡോഗ് അപ്പു, ജില്‍ എന്നിവരുടെ സഹായത്തോടെ പോലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. 16ന് വാഴപ്പള്ളി പരിസരത്തു നിന്നും പകല്‍ മൂന്ന് മണിയോടുകൂടി പ്രതികളെ അറസ്റ്റു ചെയ്യുകയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും മോഷ്ടിച്ച മാല വിറ്റ വാകത്താനത്തെ ജുവലറിയില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു.
















