തിരുവല്ല: തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭത്തിന് ഇന്നലെ തുടക്കമായി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വൃശ്ചിക വാണിഭത്തിന്റെ ഉദ്ഘാടനം ചെറുകോല്‍പ്പുഴ ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പ് നിര്‍വ്വഹിച്ചു.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയന് പുളിക്കല്‍, കെ പി എം എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ബിന്ദു, പി കെ കൃഷ്ണന്‍കുട്ടി നായര്‍, സബ്ഗ്രൂപ്പ് ഓഫീസര്‍ മധുസൂദനന്‍പിള്ള, വൈസ് പ്രസിഡന്റ് വി കെ ശശിധരന് നായര്‍,കെ പിഎംഎസ് മല്ലപ്പള്ളി താലൂക്ക് യൂണിയന് പ്രസിഡന്റ് മനോജ്കുമാരസ്വാമി, എം എ കൊച്ചുകുഞ്ഞ്, വി എ തങ്കപ്പന് എന്നിവര്‍ പ്രസംഗിച്ചു. പരമ്പരാഗത അവകാശികള്‍ ധാന്യംവും വിത്തുമെറിഞ്ഞ് കോഴിയെ പറപ്പിക്കുന്ന ചടങ്ങുകള്‍ നടന്നു. ക്ഷേത്രദര്‍ശനം നിഷേധിച്ചിരുന്ന കാലത്ത് തെള്ളിയൂര്‍ ഭഗവതിക്ക് നേര്‍ച്ചയും, കാഴ്ചയും അര്‍പ്പിക്കാന്‍ ക്ഷേത്രവേലിക്കപ്പുറത്തുള്ള മൈതാനിയില്‍ ആണ്ടുതോറും വൃശ്ചികം ഒന്നിന് ധാരാളം പേര് തടിച്ചുകൂടിയിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തോടുകൂടി അവര്‍ണര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനുള്ള വിലക്ക് ഇല്ലാതെയായി. എങ്കിലും പഴയ ആചാരത്തിന്റെ സ്മരണയ്ക്കായി ഒട്ടേറെപ്പേര്‍ ഇന്നും വൃശ്ചികം ഒന്നിന് തെള്ളിയൂര്ക്കാവിലെത്തി പ്രത്യേക പന്തലില്‍ വഴിപാടുകള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്താറുണ്ട്.കാര്‍ഷിക ഉല്പന്നങ്ങളുടെ ഒരു ഭാഗമാണ് ദേവിക്ക് സമര്‍പ്പിച്ചിരുന്നത്.
അരയ സമുദായത്തില്‍പ്പെട്ട ആളുകള്‍ ഉണക്ക സ്രാവിനെയാണ് സമര്‍പ്പിച്ചിരുന്നത്. ഉണക്കസ്രാവ് വ്യാപാരം ഇന്നും തെള്ളിയൂര്‍ വാണിഭത്തിന്റെ മാത്രം പ്രത്യേകതയാണ്.ഗ്രാമീണ കാര്‍ഷിക ഉപകരണങ്ങളുടെയും പരമ്പരാഗത ഗൃഹോപകരണങ്ങളുടെയും വന്‍ശേഖരം വില്പനയ്ക്കും പ്രദര്‍ശനത്തിനും എത്തും. പറ, നാഴി, ചങ്ങഴി,,പരമ്പ്, ആട്ടുകല്ല്, അരകല്ല്, ഉലക്ക, ഉരല്, ഓട്, അലുമിനിയം, സ്റ്റീല്‍ ചെമ്പ്, പാത്രങ്ങള്‍, ഇരുമ്പില്‍ തീര്‍ത്ത പണിയായുധങ്ങള്‍, തൂമ്പാക്കൈ, മഴുക്കൈ , തൈരുടയ്ക്കുന്ന മത്ത്,പിച്ചാത്തി, വെട്ടുകത്തി,ചിരവ, കല്ഭരണികള്, മുറം, കുട്ടതുടങ്ങി സംഗീതോപകരണങ്ങള്‍ വരെ വിപണനത്തിനായി എത്തിയിട്ടുണ്ട്. വിലപേശി വാങ്ങാമെന്നതാണ് പ്രധാന സവിശേഷത. നവംബര്‍ 17,18, 19 തിയ്യതികളില്‍ തിരുവല്ല, ചെങ്ങന്നൂര്‍, മല്ലപ്പള്ളി ഡിപ്പോകളില്‍നിന്ന് കെ.എസ്.ആര്.ടി.സി. തെള്ളിയൂര്‍ക്കാവിലേക്ക് പ്രത്യേക ബസ് സര്‍വീസും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: