അമ്പലപ്പുഴ: ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതിയുടെയും മകന്റെയും പരാതി ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് എസ് ഐ യുടെ ഭീഷണി. പുന്നപ്ര തെക്കു പഞ്ചായത്ത് വെമ്പാല മുക്കിന് സമീപം തുരുത്തിക്കാട് വീട്ടില്‍ പരേതനായ മധുക്കുറുപ്പിന്റെ മകള്‍ ഷീജ (45) മകന്‍ മൂകനും ബധിരനുമായ മകന്‍ അശ്വിന്‍ (15) എന്നിവരെയാണ് എസ്‌ഐ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിട്ടുള്ളത്.
ഞായറാഴ്ച രാവിലെ പുന്നപ്ര കുറവന്‍തോട് ജംഗ്ഷനില്‍ ദേശീയ പാത മുറിച്ചുകടക്കുമ്പോഴാണ് ഇവരെ ബൈക്കിടിച്ചത്. മൂന്നു പേരുമായി അമിത വേഗത്തിലെത്തിയ ബൈക്കാണ് ഇടിച്ചത്. അപകടത്തില്‍ ഷീജയുടെ തല പൊട്ടുകയും വലതുകാല്‍ ഒടിയുകയും ചെയ്തു. തലക്കു പരിക്കേറ്റ അശ്വിന്റെ പല്ലും ഒടിഞ്ഞു. ബോധമറ്റു വീണ ഷീജയെയും മകനേയും ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ നല്‍കി രാത്രിയോടെ വിട്ടയച്ചു.
അടുത്ത ദിവസം ലൈസന്‍സില്ലാതെ ബൈക്കോടിച്ച 16 കാരന്റെ അമ്മയും വളഞ്ഞ വഴി സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ്സ് നേതാവും ഇവരുടെ വീട്ടിലെത്തി. കുട്ടിക്ക് ലൈസന്‍സ് ഇല്ലാതിരുന്നെന്നും കേസില്‍ പോകരുതെന്നും പറഞ്ഞു. ഇതിനായി 15,000 രൂപ നല്‍കാമെന്നും യൂത്ത് കോണ്‍ഗ്രസ്റ്റ് നേതാവ് വാഗ്ദാനം ചെയ്തു.
ഇവര്‍ ഇതിനു വഴങ്ങാതെ പരാതി നല്‍കാന്‍ പുന്നപ്ര പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. കിട്ടുന്നതു വാങ്ങി പരാതി ഒത്തുതീര്‍പ്പാക്കണമെന്ന ആവശ്യത്തില്‍ എസ്‌ഐ ഉറച്ചു നിന്നതോടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വാര്‍ഡുമെമ്പര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു.
സംഭവത്തില്‍ എസ്‌ഐക്കെതിരെ ജില്ല പോലീസ് മേധാവി, മന്ത്രി ജി. സുധാകരന്‍ എന്നിവര്‍ക്ക് ഷീജ പരാതി നല്‍കി. പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിയ ഇവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാകാതിരുന്നത് ഈ നേതാവിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നും ഇവര്‍ പറയുന്നു.
















