ആലപ്പുഴ: രാജ്യസുരക്ഷയ്‌ക്കായി ജീവന്‍ സമര്‍പ്പിക്കുന്ന സൈനികരെ ആദരിക്കാന്‍ ഒരുകൂട്ടം യുവാക്കള്‍ രംഗത്ത്. ആര്യാട് വ്യാസപുരം അഘോര ബീറ്റ്‌സ് വെല്‍ഫെയര്‍ ഗ്രൂപ്പാണ് ‘ഐ ലൗ മൈ ഇന്ത്യ’ എന്ന പേരില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിദാനം ചെയ്തവരുടെ കുടുംബങ്ങളെയും പരിക്കേറ്റവരെയും ആദരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 11ന് വൈകിട്ട് ഏഴിന് ആലപ്പുഴ ബീച്ചിലാണ് പരിപാടിയെന്ന് ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, സെക്രട്ടറി അരുണ്‍ദേവ്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ബിജു കൊടുങ്ങല്ലൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത സംഗീതജ്ഞരായ ശിവമണി, രാജേഷ് വൈദ്യ എന്നിവരുടെ സംഗീത വിരുന്നും ഇതോടൊപ്പം നടക്കും.
അമ്പതോളം യുവാക്കളടങ്ങുന്നതാണ് ഈ ഗ്രൂപ്പ്. ഇവര്‍ പരിപാടികള്‍ അവതരിപ്പിച്ച് ലഭിക്കുന്ന പണമാണ് സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത്. ആലപ്പുഴ ജില്ലയില്‍നിന്നു മാത്രം 33,000ഓളം പേര്‍ സൈനിക സേവനം അനുഷ്ഠിക്കുന്നു. ഇതില്‍ പരിക്കേറ്റവരെയും വീരമൃത്യുവരിച്ചവരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടെ 27 പേരെയാണ് ആദരിക്കുന്നത്.
















