ആലപ്പുഴ: 500, 1000 നോട്ടുകള്‍ അസാധുവാക്കിയശേഷം സഹകരണ ബാങ്കുകളില്‍ ഉണ്ടായ നിക്ഷേപത്തെയും വായ്‌പാ തിരിച്ചടവുകളെയുംകുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആലപ്പുഴ ജില്ലയില്‍ ഹവാലപ്പണം വരുന്നത് സഹകരണ മേഖലയിലാണ്. ഇക്കാര്യം വളരെ നേരത്തെ തന്നെ വാര്‍ത്തകളായതാണ്. ഇടതു വലതു മുന്നണി നേതാക്കള്‍ക്ക് ഇവരുമായി അടുത്ത ബന്ധമുണ്ട്. സഹകരണ മേഖലയെ മറയാക്കി കോടികളുടെ കള്ളപ്പണമാണ് ഒഴുകുന്നത്. ജനങ്ങളില്‍ ആശങ്കയുയര്‍ത്താന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒറ്റക്കെട്ടാണ്. സംസ്ഥാന ധനമന്ത്രി തന്നെ ഇതിനു നേതൃത്വം നല്‍കുകയാണ്.
ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും രാഷ്‌ട്രീയമായി എതിര്‍ക്കുന്നവര്‍പോലും നോട്ട് റദ്ദാക്കലിനെയും കള്ളപ്പണത്തിനെതിരായ നീക്കത്തെയും സ്വാഗതം ചെയ്തിട്ടുണ്ട്. ജനങ്ങള്‍ക്ക് ചെറിയ തോതിലുള്ള പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. ഇത് ഉടന്‍ പരിഹരിക്കപ്പെടും. ഏതു പരിഷ്‌കരണങ്ങള്‍ ഉണ്ടാകുമ്പോഴും നേരിയ തോതിലുള്ള പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ അനുഭവപ്പെടാറുണ്ട്. കള്ളപ്പണക്കാരെയും കരിഞ്ചന്തക്കാരെയും സംരക്ഷിക്കുന്ന ഇടതു വലതു മുന്നണികളുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്‍. പൊന്നപ്പന്‍, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. സിനില്‍ മുണ്ടപ്പള്ളി, സന്തോഷ് ശാന്തി, ജില്ലാ പ്രസിഡന്റ് ഷാജി എം. പണിക്കര്‍, ജില്ലാ സെക്രട്ടറി ടി.സി. രാജേന്ദ്രന്‍, പിഎസ്പി ജില്ലാ സെക്രട്ടറി ജോസുകുട്ടുജോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
.
















