കല്‍പ്പറ്റ : സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ സിരാകേന്ദ്രമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. കല്‍പ്പറ്റയില്‍ ദേശീയ ജനാധിപത്യ സഖ്യം ജില്ലാകണ്വെന്ഷനില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎം കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സഹകരണബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഭരണ സ്വാധീനത്താല്‍ ഇത്രയും കാലം ഇത് മൂടിവെക്കപ്പെടുകയാണുണ്ടായത്. സംഭവം പുറത്താകുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് വേണ്ടി എടുത്ത തീരുമാനത്തെ എതിര്‍ക്കുന്നതിനും ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്താവനകള്‍ നടത്താനും ഇടതുപക്ഷത്തിലെ പ്രമുഖ നേതാക്കള്‍ ശ്രമിക്കുന്നത്. സ്വര്‍ണ്ണ നിക്ഷേപങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ചവരെ നിയമത്തിന്റെ വരുതിയിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിപണി മൂന്ന് മാസം കൊണ്ട് മുന്നോട്ടുവരും. രൂപയുടെ മൂല്യം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് വനവാസി നേതാവ് സി.കെ.ജാനു ഇരുമുന്നണികള്‍ക്കെതിരെയും ആഞ്ഞടിച്ചു. അറുപത് വര്‍ഷക്കാലം കേരളം ഇരു മുന്നണികളും ചേര്‍ന്ന് നശിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്നത് ജനാധിപത്യമല്ല അഡ്ജസ്റ്റ്മെന്റ് രാഷ്ട്രിയമാണ് കേരളമെങ്ങും. അരാചകത്വമാണ് നാടമാടുന്നത്. എല്ലാവര്ക്കും രാഷ്ട്രിയ പങ്കാളിത്തം ലഭിക്കുക എന്നതാണ് ജനാധിപത്യത്തിലുള്ളത് എന്നാല്‍ ദളിതരും ആദിവാസികളും എപ്പോഴും പിന്തള്ളിപ്പോവുകയാണ്. കേരളം മാറ്റത്തിന് വിധേയമാകുന്നത് ഇരുമുന്നണികളും എതിര്‍ക്കുകയാണ്. ഇരു മുന്നണികളില്‍നിന്നും പൊഴിഞ്ഞുപോക്ക് ശക്തമായത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ വിറളി പിടിപ്പിക്കുകയാണ്. ഇടതുപക്ഷം അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും കൊടുമുടിയിലാണ്. കൊലപാതക രാഷ്ട്രീയം അതാണ് കാണിക്കുന്നത്. കേരളത്തില്‍ ഹെക്ടര്‍ കണക്കിന് ഭൂമി തിരിച്ചുപിടിക്കാനുണ്ട്. എന്നാല്‍ അറുപത് വര്‍ഷമായി ഭരിച്ച ഗവണ്മെന്റുകള് ആദിവാസികളെ കോളനികളില്‍ ഒതുക്കുകയാണ് ചെയ്തതെന്നും ജാനു പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരയക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. പൈലി വാര്യാട് (ബിഡിജെഎസ്), അഹമ്മദ് തോട്ടത്തില്‍ (കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്മാന്), മുന്‍ എംഎല്‍എയും ജെഎസ്എസ് ജനറല്‍സെക്രട്ടറിയുമായ രാജന് ബാബു, പിഎസ്പി സംസ്ഥആന ജനറല്‍സെക്രട്ടറി കെ.കെ.പൊന്നപ്പന്, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി എം.എന്‍.ഗിരി, സോഷ്യലിസ്റ്റ് ജനതാദള്‍ ജനറല്‍സെക്രട്ടറി സുരേഷ്കുമാര്‍, സുധീഷ് നായര്‍ (നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: