കല്‍പ്പറ്റ : അന്യജില്ലകളില്‍ നിന്നും വയനാട് ജില്ലയിലേക്ക് വ്യാപകമായ രീതിയില്‍ മാലിന്യം കടത്തി പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് അധികൃതരുടെ ഒത്താശയോടെയാണെന്ന് യുവമോര്‍ച്ച ജില്ലകമ്മിറ്റി കുറ്റപ്പെടുത്തി.
കോഴിമാലിന്യമാണ് ഇത്തരത്തില്‍ വ്യാപകമായ രീതിയില്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത്. കിലോയ്ക്ക് പതിനാല് രൂപ മുതല്‍ ഇരുപത് രൂപവരെയാണ് മാലിന്യം എടുക്കുന്നതിനായ് ഇത്തരം മാഫിയകള്‍ കോഴിക്കടക്കാരില്നിന്നും ഈടാക്കുന്നത്. ഓരോ ദിവസവും ടണ്‍ കണക്കിന് മാലിന്യമാണ് ഇത്തരത്തില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിക്കുന്നത്. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കൃത്യമായ പരിശോധനയില്ലാത്തതാണ് മാലിന്യ മാഫിയക്ക് തുണയാവുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ ഇവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് യുവമോര്‍ച്ച ഇത്തരം മാലിന്യവാഹനങ്ങള്‍ തടഞ്ഞിരുന്നു. അന്ന് സബ് കളക്ടറുമായി നടന്ന ചര്‍ച്ചയില്‍ കോഴി മാലിന്യം കൊണ്ട്വരുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ല. ഇതാണ് മാലിന്യ മാഫിയ ജില്ലയില്‍ വീണ്ടും സജീവമാകാന്‍ കാരണം. ഇത്തരം മാഫിയകള്‍ക്കെതിരെ സമരം ശക്തമാക്കാനും യുവമോര്‍ച്ച ജില്ല കമ്മിറ്റി തീരുമാനിച്ചു.
ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം.സി അധ്യക്ഷത വഹിച്ചു. ജിതിന് ഭാനു, പ്രശാന്ത് മലവയല്‍, ധനില്‍കുമാര്‍, വിപിന്‍ദാസ്, മനോജ് എ എ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: