കൊല്ലം: വനംവകുപ്പ് മന്ത്രി കെ.രാജു പങ്കെടുത്ത പരിപാടിക്ക് ആളെ കൂട്ടാന്‍ അങ്കണവാടി ജീവനക്കാരെ വേദിക്ക് മുന്നിലുള്ള കസേരകളില്‍ നിറയ്‌ക്കാന്‍ എത്തിച്ചത് വിവാദമാകുന്നു. അഞ്ചാലുംമൂട് മൃഗാശുപത്രി അങ്കണത്തില്‍ നടന്ന കോര്‍പ്പറേഷന്റെ നായ്‌ക്കളെ വന്ധ്യംകരണ പദ്ധതിയുടെ ഉദ്ഘാടന സദസിലാണ് ചട്ടം ലംഘിച്ച് അങ്കണവാടി ജീവനക്കാരെ എത്തിച്ചത്. മന്ത്രി വരാന്‍ സമയമായിട്ടും വേദിക്ക് മുന്നിലൊരുക്കിയ കസേരകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഉടന്‍തന്നെ തൊട്ടടുത്തുള്ള സാമൂഹികക്ഷേമ വകുപ്പിന്റെ ഓഫീസില്‍ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ അങ്കണവാടി ജീവനക്കാര്‍ക്ക് ഉദ്ഘാടന സ്ഥലത്തേക്ക് എത്താന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
സിപിഎമ്മിന്റെയും സിപിഐയുടെയും ജനപ്രതിനിധികളാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. തുടര്‍ന്ന് സാമൂഹിക ക്ഷേമവകുപ്പ് ഓഫീസറുടെ ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥ ജീവനക്കാരോട് തൊട്ടടുത്ത് നടക്കുന്ന ഉദ്ഘാടന സ്ഥലത്തേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്കണവാടി ജീവനക്കാരെ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ആളെ കൂട്ടാന്‍ എത്തിക്കുന്നത് പതിവാകുകയാണ്. ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ പറയുന്നത് ചെയ്യുകയെ നിവൃത്തിയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
















