കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ശുദ്ധീകരണ പ്രക്രിയ ചരിത്രപരമായ നടപടിയാണെന്ന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അഡ്വ.എന്‍. നഗരേഷ് പറഞ്ഞു. രാജ്യത്തെ ആദ്യമായി വിവരസാങ്കേതിക വിദ്യ- തൊഴിലാളിരംഗത്ത് ഉപയോഗിക്കുന്നതിനായി ബിഎംഎസ് ആരംഭിച്ച ഡിജിറ്റിലൈസേഷന് മിഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വച്ഛഭാരത് പദ്ധതി, ജനധനയോജന, സാമ്പത്തിക ശുദ്ധീകരണം തുടങ്ങിയവ ഉദാഹരണമാണ്. വിവരസാങ്കേതിക വിദ്യ തൊഴിലാളി രംഗത്ത് ഉപയോഗിക്കാനുള്ള ബിഎംഎസ് തീരുമാനം ശ്ലാഘനീയമാണെന്ന് നഗരേഷ് പറഞ്ഞു.
എല്ലാ ജില്ലാ കമ്മിറ്റി ഓഫീസുകളിലൂടെ തൊഴിലാളി സംഘടന പ്രവര്‍ത്തനവും രേഖകളും വിവരസാങ്കേതിക വിദ്യയിലാക്കാനുമാണ് ബിഎംഎസ് ലക്ഷ്യം വെയ്ക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. തൊഴിലാളി മേഖലകള്‍ പത്ത് ലക്ഷത്തോളം തൊഴിലാളികളെ ഡിജിറ്റിലൈസേഷന്റെ ഭാഗമാക്കുമെന്നും 500 ഓളം യൂണിയനുകള്‍ പൂര്‍ണ്ണമായും വിവര സാങ്കേതിക വിദ്യയിലേക്ക് മാറുമെന്നും രാജീവന് പറഞ്ഞു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്, സൊല്യൂഷന്‍സ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ അബിനു തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന കമ്മറ്റിയംഗം സി.ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആര്. രഘുരാജ് സ്വാഗതവും കെ.എസ്. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
















