കൊച്ചി: ഓണ്‍ലൈന്‍ ഉള്ളടക്കം വികസിപ്പിക്കുന്നതില്‍ ജാഗ്രതയും കൂട്ടായ പരിശ്രമവും വേണമെന്ന് ജില്ലാ കളക്ടര്‍ കെ. മുഹമ്മദ്.വൈ.സഫിറുള്ള. വിവരങ്ങളുടെ കുത്തൊഴുക്കിലും കുട്ടികള്‍ക്കാവശ്യമായ ഉള്ളടക്കം കുറയുന്നത് ഓണ്‍ലൈനിലെ പരിമിതിയാണ്. ഇത് മറികടക്കാനുള്ള കൂട്ടായ്മകള്‍ വിവിധ മേഖലകളില്‍ നിന്നുണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു. പബ്ലിക്ക് റിലേഷന്‍സ് വകുപ്പും എറണാകുളം പ്രസ് ക്ലബ്ബും ചേര്‍ന്ന് ‘ഇ ജാഗ്രത: ഇന്റര്‍നെറ്റ് മാധ്യമങ്ങളും കുട്ടികളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്റര്‍നെറ്റിന്റെ അമിതോപഭോഗം മൂലം സാമൂഹിക ബന്ധങ്ങളുടെ വ്യാപ്തി കുറയുന്നുവെന്നു മനശാസ്ത്രജ്ഞന് സി.ജെ. ജോണ്‍ അഭിപ്രായപ്പെട്ടു. ജീവിതത്തെക്കുറിച്ച് ഉത്തരവാദിത്തവും ഉള്‍ക്കാഴ്ചയും നല്‍കണമെന്നും ആപത്തുകളില്‍ നിന്ന് സ്വയം രക്ഷിക്കാനുള്ള വിവേകം കുട്ടികളില്‍ രൂപീകരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യബോധത്തോടെ കൂട്ടികളെ വളര്‍ത്തുകയും സൈബര്‍ ലോകത്തെ ചതിക്കുഴികളെപ്പറ്റി അവരെ ബോധവാന്മാരാക്കുകയും വേണമെന്ന് സൈബര്‍ കുറ്റാന്വേഷണ വിദഗ്ദ്ധന് ഫ്രാന്‍സിസ് പെരേര പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന് വൈസ് പ്രസിഡന്റ് ആര്. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, അസി. എഡിറ്റര്‍ കെ. കല എന്നിവര്‍ സംസാരിച്ചു. മാധ്യമപ്രവര്‍ത്തകര്‍, മാധ്യമവിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ശില്പശാലയില് പങ്കെടുത്തു.
















