കൊച്ചി: പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള വസ്തു ഉടമ നാട്ടിലില്ലാത്ത തക്കം നോക്കി റിയല്‍ എസ്റ്റേറ്റ് കമ്പനിയും സംഘവും തട്ടിയെടുത്തു. തീറാധാരവും കുടിക്കിട സര്‍ട്ടിഫിക്കറ്റും കരം ഒടുക്കിയതിനുള്ള രേഖകളും സഹിതം പോലീസില്‍ പരാതിപ്പെട്ടിട്ടും സ്ഥലം കയ്യേറിയവരെ ഒഴിപ്പിക്കാനോ കേസെടുക്കാനോ പോലീസ് തയ്യാറാവുന്നില്ല.
25 വര്‍ഷമായി ഗള്‍ഫിലും കാനഡയിലുമായി പണിയെടുത്ത കളമശേരി എച്ച്എംടി കോളനി, പള്ളിലാംകര (രശ്മി നിവാസില്‍) കെ.വി. രാഘവനാണ് തട്ടിപ്പിനിരയായത്. ഭാര്യ ഉഷയുടെ പേരില്‍ ഇദ്ദേഹം 2011 ജൂലൈയിലാണ് വൈറ്റിലക്കടുത്ത് സില്‍വര്‍സാന്‍ഡ് ഐലന്റില്‍ 7.5 സെന്റ് സ്ഥലം വാങ്ങിയത്. റിട്ടയര്‍മെന്റിന് ശേഷം കൊച്ചിയില്‍ സ്ഥിരതാമസമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ സ്ഥലം വാങ്ങിയത്. ഇതിനായി 1999 ല്‍ തന്നെ ഗുഡ്ഹോം പ്രൈവറ്റ് ലിമിറ്റഡ്, ഡാറ്റ്സണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ട് കമ്പനികളുമായി ചേര്‍ന്ന് എഗ്രിമെന്റ് വെക്കുകയും 13 തവണകളായി തുക അടച്ചശേഷം തൃപ്പൂണിത്തുറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2011 ല്‍ തീറാധാരം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഗുഡ്ഹോം കമ്പനി സ്ഥലം ഉടമകളും ഡാറ്റ്സണ്‍ കമ്പനി ഡെവലപ്പറുമായിരുന്നു.
തീറാധാരം നടത്തിയശേഷം കുടുംബസമേതം കാനഡയില്‍ പോയ രാഘവന് 5 വര്‍ഷത്തിനുശേഷമാണ് നാട്ടില്‍ വന്നത്.
നടമ വില്ലേജില്‍പ്പെട്ട സര്‍വെ നമ്പര്‍ 485/1 (182/1) വസ്തുവാണ് രാഘവന്റെ പേരിലുള്ളത്. വീടുവെച്ച് സ്ഥിരതാമസമാക്കണമെന്ന ലക്ഷ്യത്തോടെ നാട്ടിലെത്തിയ രാഘവന് തന്റെ വസ്തുവില്‍ ചെന്നപ്പോള്‍ മറ്റാരോ ഷെഡ് വച്ച് താമസിക്കുന്നതാണ് കണ്ടത്. തൊട്ടടുത്തുള്ള പ്ലോട്ടില്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷനുവേണ്ടി അപ്പാര്‍ട്ടുമെന്റ് നിര്‍മാണം നടക്കുന്നുണ്ടായിരുന്നു. അവിടുത്തെ നിര്‍മാണതൊഴിലാളികളാണ് രാഘവന്റെ പ്ലോട്ടില്‍ ഷെഡ് വച്ച് കെട്ടി താമസിക്കുന്നതെന്ന് പറയുന്നു.
രാഘവന്റെ 7.5 സെന്റ് സ്ഥലം തന്റെതാണെന്ന വ്യാജ അവകാശവാദവുമായി രംഗത്തെത്തിയ വൈക്കം സ്വദേശി ശില്‍പ്പ കമ്പനിയുമായി നിയമവിരുദ്ധമായ കരാറുണ്ടാക്കി. രാഘവന്റെ സ്ഥലം ചൂണ്ടിക്കാണിച്ച് അത് തന്റേതാണെന്ന് ശില്‍പ്പ കമ്പനിയെ ബോധ്യപ്പെടുത്തി. പ്രതിമാസം 8500 രൂപ വാടകക്ക് നല്‍കുകയായിരുന്നു.
ചതി വ്യക്തമായ രാഘവന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് എല്ലാ തെളിവുകളും ഹാജരാക്കി പരാതി നല്‍കിയിട്ടും തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് രാഘവന് പത്രസമ്മേളനത്തില്‍ പറഞ്ഞു. പരാതിയുമായി ചെന്ന രാഘവനെയും ഭാര്യ ഉഷയെയും കമ്മീഷണറുടെ ഓഫീസില്‍നിന്ന് ഇറക്കിവിട്ടതായും പറയുന്നു.
















