കാസര്‍കോട്: ചട്ടഞ്ചാല്‍ ഗവ: ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ച റവന്യൂ ജില്ലാ ശാസ്ത്രോത്സവം കുരുന്നുകള്‍ക്ക് സമ്മാനിച്ചത് ദുരിതങ്ങളുടെ പെരുമഴ. ചോക്ക് നിര്‍മ്മാണം, നെറ്റ് മേയ്ക്കിംഗ് തുടങ്ങിയ പല ഇനങ്ങളിലും കൊടും ചുട് സഹിച്ച് പൊരിവെയിലേറ്റാണ് കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തത്. കൃത്യമായ കണക്ക് കൂട്ടലുകള്‍ ഇല്ലാതെ നിര്‍മ്മിച്ചതായിരുന്നു നെറ്റ് മേക്കിംഗ് മത്സര വേദി. സംഘാടകര്‍ നിര്‍മ്മിച്ച പന്തലിനകത്ത് സ്ഥലമില്ലാത്തതിനാല്‍ കുട്ടികള്‍ വേയിലേറ്റ് പുറത്ത് നിന്നാണ് നെറ്റ് മേക്കിംഗ് നടത്തിയത്. ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗത്തിലുള്ള നെറ്റ് മേക്കിംഗ് മത്സരം നടത്തിയത് പൊരിവെയിലത്ത്. പേരിന് നേരിയ തുണി കൊണ്ടുള്ള പന്തലൊരുക്കിയെങ്കിലും മത്സരം നടന്നത് വെയിലത്താണ്. ചോക്ക് മേക്കിംഗ് മത്സരവും നടന്നത് പൊരിവെയിലത്താണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. വിയര്‍ത്തു കുളിച്ചാണ് പലരും മത്സരത്തില്‍ പങ്കെടുത്തത്. 12 ഓളം വിദ്യാര്‍ഥികളാണ് മത്സരത്തിനുണ്ടായത്. 10.30 മണിക് ആരംഭിച്ച് മത്സരങ്ങള്‍ ഉച്ചയ്ക്ക് ഒന്നര മണിക്ക് ശേഷവും നീണ്ട് പോയതോടെ കുട്ടികള്‍ വാടി തളര്‍ന്ന് അവശരായി കഴിഞ്ഞിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട മത്സരങ്ങള്‍ അവസാനിച്ചിട്ടും വിധി കര്‍ത്താക്കളെ കാത്ത് മണിക്കൂറുകള്‍ വീണ്ടും കുട്ടികള്‍ക്ക് വെയിലത്ത് കാത്ത് നില്‍ക്കേണ്ടി വന്നു. മത്സര ഇനങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ വന്‍ പാളിച്ചയാണ് സംഘാടകര്‍ക്ക് ഉണ്ടായത്. പ്രധാന വേദിയിലാകട്ടെ മതിയായ സൗകര്യങ്ങള്‍ സജ്ജീകരിച്ചിരുന്നില്ല. സ്ഥലപരിമിതി കാരണം കുട്ടികള്‍ പ്രയാസപ്പെട്ടാണ് മത്സരത്തില്‍ പങ്കെടുത്തത്. പൊരിവെയിലത്ത് നിന്ന് മത്സരങ്ങളില്‍ പങ്കെടുക്കേണ്ടി വന്നതില്‍ കുട്ടികളുടെ കൂടെ വന്ന രക്ഷിതാക്കളിലും അധ്യാപകരിലും വന്‍ പ്രതിഷേധത്തിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: