ആലപ്പുഴ: ആയുര്രക്ഷാമിഷന്റെയും ചന്ദനക്കാവ് പിള്ളയാര്‍ കോവില്‍ ദേവസ്വത്തിന്റെയും ആഭിമുഖ്യത്തില്‍ ഔഷധസസ്യങ്ങള്‍ നട്ടുപരിപാലിക്കുന്ന നൈമിഷാരണ്യം പദ്ധതിക്കു തുടക്കം കുറിച്ചു. ഗാനഗന്ധര്വന് ഡോ. കെ.ജെ. യേശുദാസ് ജന്മനക്ഷത്രവൃക്ഷമായ പ്ലാവ് നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രകൃതി നമുക്കായി തന്ന ഔഷധങ്ങളെ നാം തന്നെ നശിപ്പിച്ചു. ഇപ്പോള്‍ അതിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ നാം തന്നെ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാം തന്നെ നശിപ്പിച്ചത് നാം തന്നെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ആര്‍ക്കും ഉപദ്രവമില്ലാതെ ജീവിച്ചുപോകണമെന്നാണ് നാം ആഗ്രഹിക്കേണ്ടത്. അങ്ങനെ ആഗ്രഹിക്കാത്തവര്‍ക്കാണ് പ്രശ്നങ്ങളുണ്ടാകുന്നത്. നല്ല അറിവുകള്‍ സമ്പാദിക്കാന്‍ നാം ബദ്ധശ്രദ്ധരാകണമെന്നു പറഞ്ഞ അദ്ദേഹം ശുദ്ധിയോടെ ജീവിക്കാന്‍ ശ്രമിക്കണമെന്നും പറഞ്ഞു.കെ.സി. വേണുഗോപാല്‍ എംപി അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ മുഖ്യാതിഥിയായി. ആയുര്രക്ഷാമിഷന് ചെയര്മാന് ഡോ. കെ.എസ്. വിഷ്ണുനമ്പൂതിരി, ദേവസ്വം പ്രസിഡന്റ് എ. സതീഷ്കുമാര്‍, കൗണ്‍സിലര്‍മാരായ ആര്. ഹരി, ജ്യോതിമോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്ന സബ് ഇന്‍സ്പെക്ടര്‍ വിദ്യാധരനെ ചടങ്ങില്‍ ആദരിച്ചു.
















