സ്ത്രീപക്ഷ കാഴ്ചകളാണ് മൂടുപടമില്ലാതെ എന്ന ചിത്രപ്രദര്‍ശനത്തിലൂടെ കാണാന്‍ സാധിക്കുക. കവിയും ശില്പിയും ചിത്രകാരനുമെല്ലാം വര്‍ണിച്ചത് സ്ത്രീ സൗന്ദര്യമായിരുന്നു. എന്നാല്‍ ആരും അവളുടെ മനസ്സുമാത്രം കണ്ടില്ല. അവര്‍ കാണാതെ പോയ സ്ത്രീ മനസ്സിന്റെ ഭാവങ്ങളാണ് മൂടുപടമില്ലാതെ മുന്നോട്ടുവയ്ക്കുന്നത്.
സ്ത്രീ മനസ്സിന്റെ ഒറ്റപ്പെടലും ആകുലതയും പ്രണയവും വ്യത്യസ്ത നിറങ്ങളില്‍ വരച്ചു ചേര്‍ത്തിരിക്കുകയാണ് ചിത്രകാരി ഷൈനി സുധീര്‍. സ്ത്രീ ജീവിതമാണ് ഒരോ ചിത്രത്തിന്റേയും അടിസ്ഥാനം. ജീവിതാനുഭവങ്ങളില്‍ നിന്നുള്ള ചില വെളിപ്പെടുത്തലുകള്‍ മാത്രമാണിതെന്ന് ചിത്രകാരി പറയുന്നു. തന്റെ ജീവിതത്തില്‍ നേരിട്ടും അല്ലാതെയും കണ്ടുമുട്ടിയ സ്ത്രീ ജീവിതങ്ങളാണ് ചിത്രങ്ങള്‍ക്കാധാരം.
സ്ത്രീ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തിന്റെ കാഠിന്യം ഓറഞ്ചും മഞ്ഞയും നിറങ്ങളിലൂടെ ആസ്വാദകരിലെത്തിക്കുകയാണ് ഷൈനി. അതിജീവനത്തിന്റെ പച്ചപ്പില്‍ തിരമാലപോലെ ഉയര്‍ന്നെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന സ്ത്രീയും അബലയെന്ന് അപരനാമം പേറിയവളും ഒരുപോലെയാണെന്നുള്ള വെളിപ്പെടുത്തലുകളാണ് ഈ ചിത്രങ്ങള്‍.
സ്വന്തം സ്വത്വം തിരിച്ചറിയാന്‍ കഴിയാതെ പോയ പല ജീവിതങ്ങളും കേവലം നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയിട്ടുണ്ട്. എന്നിട്ടും മാറാത്ത സമൂഹത്തിന് വേണ്ടിയുള്ള വരകളാണ് ഷൈനിയുടെ മൂടുപടമില്ലാതെ എന്ന ചിത്രപ്രദര്‍ശനത്തിലുള്ളത്. ഉണരൂ… സ്വയം ഉയര്‍ത്തൂ എന്ന് സ്ത്രീകളോടുള്ള ആഹ്വാനമാണ് അക്രലിക്കും എണ്ണഛായവും കൊണ്ട് ഷൈനി സുധീര്‍ ഒരുക്കിയ ചിത്രങ്ങള്‍.
തൃപ്പൂണിത്തുറ സ്വദേശിനിയായ ഷൈനി ആര്‍എല്‍വി കോളേജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. തൃപ്പൂണിത്തുറ ചിന്മയസ്കൂളിലെ അദ്ധ്യാപികയാണ്. ഭര്‍ത്താവ് സുധീറും ആര്‍ട്ടിസ്റ്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: