പാലക്കാട്: കേരളത്തിലേക്ക് കടത്തിയ 28.5 ലക്ഷംരൂപയുടെ കുഴല്‍പ്പണം വാളയാറില്‍ എക്സൈസ് സംഘം പിടികൂടി. കോയമ്പത്തൂരില്‍ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി ബസിലാണ് പണം കടത്തിയിരുന്നത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് നാമക്കല്‍ സ്വദേശി വേലായുധന്(61), പെരുമ്പാവൂര്‍ സ്വദേശി ജോര്‍ജ്(60) എന്നിവരാണ് പണവുമായി പിടിയിലായത്.
വേലായുധന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ 15.5 ലക്ഷംരൂപയും ജോര്‍ജിന്റെ കൈവശം 13 ലക്ഷം രൂപയുമാണ് ഉണ്ടായിരുന്നത്. വാളയാര്‍ ടോള്‍ പ്ലാസക്ക് സമീപം വാഹന പരിശോധന നടത്തവെയാണ് ഇവര്‍ പിടിയിലായത്. ആയിരത്തിന്റെ മൂന്നുലക്ഷം രൂപയുടെ നോട്ടുകളും അഞ്ഞൂറിന്റെ പന്ത്രണ്ടരലക്ഷം രൂപയുടെ നോട്ടുകളുമാണ് വേലായുധന്റെ പക്കല്‍ ഉണ്ടായിരുന്നത്. തൃശൂരില്‍ സ്വര്ണപണി നടത്തുന്ന ബന്ധുവിന് നല്‍കാനാണ് പണം കൊണ്ടുപോയിരുന്നതെന്ന് വേലായുധന് മൊഴി നല്‍കിയിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്നും പെരുമ്പാവൂരിലേക്കാണ് ജോര്‍ജ് പണം കടത്തിയിരുന്നത്. പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി മാനേജരാണ്. പണവും പിടിയിലായവരെയും വാളയാര്‍ പോലീസിന് കൈമാറി.
പാലക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി. രജനീഷ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഡി. വിജയകുമാരന്‍ നായര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം. സുരേഷ്, ജയപ്രകാശ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അബ്ദുള്‍ ബാസിദ്, സനല്‍, ദിനേഷ്, ഡ്രൈവര്‍ കണ്ണദാസ് എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: