കല്ലടിക്കോട്: കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് സ്നേഹം കൊണ്ട്വീട് വെച്ച് നല്കി സഹപാഠികളും അദ്ധ്യാപകരും. കരിമ്പ ഇടക്കുര്‍ശ്ശി സെന്റ് മേരിസ് ബഥനി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് സഹപാഠിയായ 8ാം ക്ലാസ് വിദ്യാര്‍ത്ഥി മെല്വിന് ഒരു ബെഡ് റൂം, ഹാള്‍, കിച്ചന് അടങ്ങിയ ഒരു വീട് വെച്ചു നല്‍കുന്നത്.
ക്യാന്‍സര്‍ രോഗിയായ അമ്മയുടെ ഏക ആശ്രയമാണ് മെല്വിന്. അമ്മയുടെ രോഗവും ചികിത്സയുമായി വിഷമിക്കുന്ന ഈ കുടുബത്തിന്റെ വിവരം അറിഞ്ഞ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഈ ഉദ്യമത്തിന് തുനിഞ്ഞിറങ്ങുകയായിരുന്നു.
എല്ലാ ബുധനാഴ്ചയും വിദ്യാലയത്തില്‍ പാവങ്ങളെ സഹായിക്കാന്‍ പണം സ്വരൂപിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് കിട്ടുന്ന പോക്കറ്റ് മണിയിലെ ഒരു ഭാഗം ഇതിലേക്ക് നല്‍കാറുമുണ്ട്. ഇതുകൂടാതെ അദ്ധ്യാപകരുടെ വിഹിതവും നല്ലവരായ നാട്ടുകാരുടെ സഹായവും കൂടി ചേര്‍ന്നപ്പോള്‍ വീടുവെക്കാനുള്ള പ്രവര്‍ത്തനം തുടങ്ങാനായി.
ആറ് സെന്റ് സ്ഥലം നല്കി മെല്‍വിന്റെ അമ്മാവന് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സഹായമായി. രണ്ട് ദിവസം മുമ്പ് വീടിന്റെ വാര്‍പ്പ് പൂര്‍ത്തിയായി. ഡിസംബര്‍ മാസത്തോടെ വീട് താമസയോഗ്യമാകുമെന്നും പുതു വര്‍ഷത്തോടെ മെല്‍വിനും മാതാവിനും പുതിയ വീട്ടില്‍ താമസിക്കാന്‍ കഴിയുമെന്നും സ്കുള് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജ്യേത്സ്യന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: