പെരുമ്പാവൂര്‍: വളയന്‍ചിറങ്ങര ഐരാപുരം കോളേജിലെ മുന്‍എസ്എഫ്ഐ ചെയര്മാന് മൊബൈലില്‍ പെണ്‍കുട്ടിയുടെ ചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം നടത്തിയതിനെതിരെ പ്രതിഷേധിച്ച എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു.
മര്‍ദ്ധനത്തില്‍ പരിക്കേറ്റ ഇതേ കോളേജിലെ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന വി.എം. ജിഷ്ണു (20), സച്ചു സാജു (21) രഞ്ചിത് രഘുനാഥ് (20) രാഹുല്‍ വി.രവി (21) പി.എസ്. അരവിന്ദ് (19) എ.എസ്. ശ്രീജിത് (20) എന്നിവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയുടെ ചിത്രം കാണിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഐരാപുരം കോളേജിലെ മുന്‍ കാല എസ്എഫ്ഐ ചെയര്‍മാനെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരക്കാരെ ഒറ്റപ്പെടുത്തുക എന്ന രീതിയില്‍ എസ്എഫ്ഐ നേതാവിനെതിരെ കോളേജിന് സമീപം ഫ്ളക്സ് ബോര്‍ഡ് വച്ച് പ്രതിഷേധിച്ചു.
ഇന്നലെ ഉച്ചയോടെ എസ്എഫ്ഐക്കാര്‍ മാരകായുധങ്ങളുമായെത്തി ബോര്‍ഡ് നശിപ്പിച്ചു. കോളേജില്‍ ദൂരെ മാറി നിന്നിരുന്ന എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രോശവുമായെത്തി മര്‍ദ്ദിക്കുകയായിരുന്നു. ജിഷ്ണുവിന്റെ കൈയുടെ അസ്ഥിക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തിനെതിരെ ബിജെപി മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
















