കുമളി: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തമ്മില്‍ തേക്കടിയില്‍ നിന്ന് വിനോദസഞ്ചാരം വഴി ലഭിക്കുന്ന വരുമാനത്തെ സംബന്ധിച്ച് തര്‍ക്കം. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തേക്കടിയില്‍ നിന്ന് വിനോദസഞ്ചാരത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം ആവശ്യപ്പെട്ടുകൊണ്ട് പെരിയാര്‍ വന്യജീവി സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ കിഷന്‍ കുമാര്‍ കെടിഡിസിയുടെ എംഡിക്ക് കത്ത്‌നല്‍കി. എന്നാല്‍ അനുകൂലമായ സമീപനമല്ല നിലവില്‍ ടൂറിസം കോര്‍പറേഷന്‍ സ്വീകരിച്ചിരിക്കുന്നത്. തേക്കടി തടാകത്തിലൂടെ ബോട്ട് സവാരി നടത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ഒരു ടിക്കറ്റിന് 20 രൂപ വീതമാണ് വനംവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂന്നര ലക്ഷത്തിലധികം ബോട്ട് ടിക്കറ്റുകള്‍ കെടിഡിസി വി
ല്‍പന നടത്തിയിരുന്നു. കൂടാതെ കെടിഡിസിയുടെ ഹോട്ടലുകളായ ലേക്ക് പാലസ്, ആരണ്യ നിവാസ്, പെരിയാര്‍ ഹൗസ് എന്നീ സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്നുള്ള വരുമാനത്തിന്റെ മുപ്പത് ശതമാനം വരെ വിഹിതവും വനംവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നു.
വളരെ കാലമായി തേക്കടിയില്‍ വനംവകുപ്പും, കെടിഡിസിയും തമ്മില്‍ വിവിധ വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ നിലവിലുണ്ട്. കെടിഡിസി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ ബോട്ടിന് തടാകത്തില്‍ സവാരി നടത്താന്‍ വനംവകുപ്പ് അനുമതി നല്‍കാത്തത് മുന്‍പ് വിവാദമായിരുന്നു. അടുത്തകാലത്ത് തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിനാല്‍ വലിയ ബോട്ടുകളുടെ സവാരി ഒഴിവാക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കത്ത് നല്‍കിയിരുന്നു. തേക്കടിയിലെ വിനോദസഞ്ചാര മേഖലയെ ഇല്ലാതാക്കാന്‍ കാലങ്ങളായി വനംവകുപ്പ് ബോധപൂര്‍വ്വം ശ്രമം നടത്തുന്നതായി ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവരും തദ്ദേശ വാസികളും അഭിപ്രായപ്പെടുന്നു.
















