കണ്ണൂര്‍: കാസിയ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള പരസ്യം പൊതുജനങ്ങളിലെത്തിക്കണമെന്ന് അധികൃതര്‍ക്ക് അറിയിപ്പുണ്ടായിട്ടും കേരള ഫുഡ് സേഫ്റ്റി ഡിപാര്‍ട്‌മെന്റ് നിരസിച്ചതായി കര്‍ഷകനായ ലിയോണാര്‍ഡ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2012 ല്‍ കാസിയ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള പരസ്യം പൊതുജനങ്ങളിലെത്തിക്കണമെന്ന് കേരള ഫുഡ് സേഫ്റ്റിക്ക് ഡല്‍ഹിയിലുള്ള ഫുഡ് സേഫ്റ്റി ഡിപാര്‍ട്‌മെന്റില്‍ നിന്നും അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത്തരമൊരു അറിയിപ്പ് ഫുഡ് സേഫ്റ്റി വിഭാഗത്തില്‍ നിന്നും പൊതുജനങ്ങളിലേക്ക് എത്തിയിട്ടില്ലയെന്ന് കറുവപട്ടയ്‌ക്ക പകരം കാസിയ ഇറക്കുമതി ചെയ്യുന്നതിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ലിയോണാര്‍ഡ് ജോണ്‍ ആരോപിച്ചു. കൂടാതെ കാസിയ ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡ്രഗ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ആയുര്‍വേദ സ്ഥാപനങ്ങള്‍ മാത്രമാണ് പരിശോധന നടത്തിയത്. കേരളത്തില്‍ ആകെ 800 ആയുര്‍വേദ സ്ഥാപനങ്ങളാണ് നിലനില്‍ക്കുന്നത്. കാസിയ ഇറക്കുമതി തടഞ്ഞിട്ടും ഒരു വര്‍ഷത്തിനിടയില്‍ വീണ്ടും വിശാഖപട്ടണം, കൊച്ചി എന്നീ തുറമുഖങ്ങള്‍ വഴി കാസിയ വന്‍തോതില്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. വിശാഖപട്ടണത്തില്‍ എട്ടര ലക്ഷം കിലോയും കൊച്ചിയില്‍ ഒമ്പതര ലക്ഷം കിലോയും കാസിയ ഇറക്കുമതി ചെയ്തതായാണ് അറിയുന്നത്. ഇത് റെക്കോര്‍ഡ് ഇറക്കുമതിയാണെന്നും അദ്ദേഹം പറഞ്ഞു.
















