കണ്ണൂര്‍: ചെറുകിയ ഇടത്തരം കരാറുകാരെ ഒഴിവാക്കി ടെണ്ടറില്ലാതെ പ്രവൃത്തികള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് വര്‍ഗീസ് കണ്ണമ്പള്ളി. വിവിധ ആവശ്യങ്ങളുന്നയിച്ച് അസോസിയേഷന്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെണ്ടര്‍ നല്‍കാതെ പ്രവൃത്തികള്‍ അനുവദിക്കുന്നത് ചെറുകിടക്കാരെ ബോധപൂര്‍വ്വം ഒഴിവാക്കുന്നതിനാണ്. ചില വന്‍കിട സൊസൈറ്റികള്‍ നേരിട്ട് ടെണ്ടര്‍ തയ്യാറാക്കി നല്‍കുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇത് അംഗീകരിക്കാനാവില്ല. നേരത്തെ നഗരസഭകളിലും മെഡിക്കല്‍ കോളേജുകളിലുമുള്‍പ്പടെയുള്ള ചെറിയ പ്രവൃത്തികള്‍ ചെറുകിട കരാറുകാര്‍ക്കാണ് നല്‍കിയിരുന്നത്. എന്നാല്‍ ചെറുകിട പ്രവൃത്തികള്‍ സംയോജിപ്പിച്ച് വലിയ പ്രവൃത്തിയായിക്കണ്ട് ചില സൊസൈറ്റികള്‍ക്ക് ഇപ്പോള്‍ നേരിട്ട് നല്‍കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയുള്‍പ്പെടെ ഇത്തരത്തില്‍ അട്ടിമറിക്കപ്പെടുകയാണ്. ഇപ്പോള്‍ ഇത്തരം പ്രവൃത്തികളെല്ലാം തന്നെ സംസ്ഥാനത്ത് ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നല്‍കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിക്ക് പ്രവൃത്തി അനുവദിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും എളമരം കരീമും ഉള്‍പ്പടെയുള്ളവര്‍ രേഖാമൂലം ആവശ്യപ്പെടുന്ന അവസ്ഥയാണ്. എന്നാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റി കരാറുകള്‍ മറ്റുള്ളവര്‍ക്ക് മറിച്ച് നല്‍കുകയാണ്. കള്ളപ്പണത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതോടെ ഊരാളുങ്കല്‍ സൊസൈറ്റി പൂട്ടാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ഊരാളുങ്കല്‍ സൊസൈറ്റി ഉള്‍പ്പടെ 23 അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ടെണ്ടര്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്‌തെങ്കിലും അതും അട്ടിമറിക്കപ്പെടുകയാണെന്ന് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രറി വി.ഹരിദാസ് അധ്യക്ഷത വഹിച്ചു. ടി.എ.അബ്ദുള്‍ റഹിമാന്‍, കെ.കെ.രാധാകൃഷ്ണന്‍, സി.ചേക്കൂട്ടി തുടങ്ങിയവര്‍ സംസാരിച്ചു. സി.രാജന്‍ സ്വാഗതവും സി.പി.ദിവാകരന്‍ നന്ദിയും പറഞ്ഞു.
















