താനൂര്‍: ജില്ലയിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് എന്നും ആവേശമായിരുന്നു അവരുടെ ചന്ദ്രേട്ടന്. മംഗലത്ത് ജയചന്ദ്രന് എന്ന വ്യക്തി കാലയവനികയില്‍ മറയുമ്പോള്‍ ഒരുനാട് മുഴുവനും തേങ്ങുന്നുണ്ട്. രാഷ്ട്രീയ-മത-വര്‍ഗ്ഗ ചിന്തകള്‍ക്ക് അതീതമായി സേവനം കൈമുതലാക്കിയ താനൂര്‍ ജയചന്ദ്രന് പുതുതലമുറക്ക് മാതൃകയായിരുന്നു. സങ്കടം പറഞ്ഞെത്തുന്നവരെ സഹായിച്ചും, അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരെ തോല്പിച്ചും അദ്ദേഹം മുന്നേറിയപ്പോള്‍ മലപ്പുറം ജില്ലയില്‍ ജനസംഘവും പിന്നീട് ബിജെപിയും ശക്തിയാര്‍ജ്ജിക്കുകയായിരുന്നു. പതിനഞ്ച് വര്‍ഷക്കാലം ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന അദ്ദേഹം ഏത് പ്രദേശത്ത് പ്രശ്നങ്ങളുണ്ടായാലും അത് പരിഹരിക്കാന്‍ ഓടിയെത്തുമായിരുന്നു. സമാധാനപ്രിയരായ താനൂര്‍ നിവാസികളില്‍ വര്‍ഗീയവിഷം കുത്തിവെക്കാന്‍ ശ്രമിച്ചവരെ ജയചന്ദ്രനും കൂട്ടരും ആട്ടിയകറ്റി. ജാതിമതഭേദമന്യേ ഏവരും അദ്ദേഹത്തോടൊപ്പം അണിനിരന്നു. എന്തിനും ഏതിനും കൂടെയുണ്ടായിരുന്ന ചന്ദ്രേട്ടന് അസുഖബാധിതനായി കിടന്നപ്പോള്‍ താങ്ങും തണലുമായി അദ്ദേഹത്തെ പരിചരിക്കാന്‍ കുടുംബത്തോടൊപ്പം ഒരുനാട് മുഴുവനുമുണ്ടായിരുന്നു.
ആര്‍എസ്എസ് ശാഖയിലൂടെയാണ് ജയചന്ദ്രന് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. ശക്തമായ നേതൃപാടവത്തിലൂടെയും പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള അസാമാന്യ മിടുക്കും അദ്ദേഹത്തെ വേഗത്തില്‍ ജനങ്ങളോടടുപ്പിച്ചു. ആര്‍എസ്എസ് ജില്ലാ ചുമതലകള്‍ വഹിച്ചിട്ടുള്ള അദ്ദേഹം പിന്നീട് ജനസംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. 1964 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് വിജയിച്ചു. അവര്‍ നടത്തിയ ആഹ്ലാദപ്രകടനം അക്രമസക്തമായി. ഹിന്ദുഭവനങ്ങള്‍ക്ക് നേരെ നടന്ന അക്രമത്തിന് പ്രതിരോധം തീര്‍ക്കാന്‍ അവിടേക്ക് ആദ്യം ഓടിയെത്തിയത് ചന്ദ്രേട്ടനും കൂട്ടരുമായിരുന്നു. പ്രശ്നം ഗുരുതരമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ ജയചന്ദ്രന് പരിക്കേല്‍ക്കുകയും പള്ളത്ത് സുബ്രഹ്മണ്യനെന്ന പ്രവര്ത്തകന് കൊല്ലപ്പെടുകയും ചെയ്തു.
അടിയന്തിരാവസ്ഥ കാലത്തും മലപ്പുറം ജില്ലാ വിരുദ്ധസമര കാലത്തും ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. ജയില്‍വാസത്തിന് ശേഷം തിരികെയത്തിയ അദ്ദേഹം പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമായി. നിരവധി തവണ നിയമസഭയിലേക്ക് മത്സരിച്ചു. കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന താനൂര്‍ സഹകരണ ബാങ്ക് ഭരണം പിടിച്ചെടുത്ത് നാടിന് സമര്‍പ്പിച്ചു. മലപ്പുറം ജില്ലയിലെ ദേശീയബോധമുള്ള ഓരോരുത്തരുടെയും മനസ്സില്‍ അണയാത്ത ദീപമായി എന്നും അവരുടെ ചന്ദ്രേട്ടന് ജ്വലിച്ചുനില്ക്കുമെന്നതില് സംശയമില്ല.
ബിജെപി ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മറ്റിയംഗം, ദേശീയ കൗണ്‍സില്‍ അംഗം, താനൂര്‍ പഞ്ചായത്ത് മെമ്പര്‍, താനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ശോഭാപറമ്പ് ക്ഷേത്ര ക്ഷേമസമിതി സെക്രട്ടറി തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട് നിലവില്‍ ബിജെപി സംസ്ഥാന കൗണ്‍സിലംഗമാണ്.
ഭാര്യ: ജലജ. മകന്: അജിത്ത്. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് മുക്കോലയിലെ വീട്ടുവളപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: