സാന്റിയാഗോ: കടൽ തീരം കാണാനെത്തി കുടുങ്ങിപ്പോയ ഭീമൻ തിമിംഗലത്തെ ചിലി നിവാസികൾ തിരിച്ചയച്ചു. വടക്കൻ ചിലിയിലെ അരീക്ക പ്രദേശത്തുള്ള കടൽ തീരത്താണ് ‘ബീച്ച്‌ഹെഡ്’ വിഭാഗത്തിൽപ്പെട്ട 20 അടി നീളമുള്ള ഭീമൻ തിമിംഗലം എത്തിയത്.
അരീക്കയിലെ ലോസ് ഗ്രിംഗോസ് ബീച്ചിനു സമീപത്തെത്തിയ തിമിംഗലം തീരത്ത് കുടുങ്ങിപ്പോകുകയായിരുന്നു. തീരത്ത് ജലം കുറഞ്ഞതും കല്ലുകൾ കൂടിയതുമാണ് തിമിംഗലത്തിന് വിനയായത്. തനിയെ നീന്തി പോകുവാൻ ഏറെ പണിപ്പെട്ടെങ്കിലും ശ്രമങ്ങൾ വിഫലമാകുകയായിരുന്നു.
ഇതിനിടയിൽ കടൽ തീരത്ത് എത്തിയ ആളുകൾ ഈ കാഴ്ച കാണാനിടയായി. തുടർന്ന് പാറക്കഷണങ്ങളും മറ്റ് വസ്തുക്കളും പ്രദേശവാസികൾ എടുത്തുമാറ്റി തിമിംഗലത്തെ കടലിലേക്ക് തള്ളിക്കൊണ്ടു പോകുകയായിരുന്നു.
തീരത്തെ പാറക്കെട്ടുകളിൽ ഉരസിയതിനാൽ തിമിംഗലത്തിന് ചെറിയ രീതിയിൽ പരിക്കുകൾ പറ്റിയിട്ടുണ്ട്. എന്തായാലും പ്രദേശവാസികളുടെ കരുത്ത് തിമിംഗലത്തിന് മനസിലായി എന്നതിൽ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: